ചിതറിയ മഴത്തുള്ളികളില്‍
പൂക്കള്‍ വിരിയിച്ച വെയില്‍ -
പുല്‍നാമ്പില്‍
കോര്‍ത്തെടുക്കാന്‍ കഴിയാത്ത
മുത്തുകളുണ്ടാക്കി
സന്ധ്യക്ക് പിന്നില്‍
മറഞ്ഞിരുന്ന് പുഞ്ചിരിച്ചു .
പൂക്കളുടെ നൊമ്പരങ്ങള്‍ -
ആരും കാണാതെ
ചുരുളുകളില്‍ ഒളിപ്പിച്ച്,
പറന്നു നീങ്ങിയ മേഘങ്ങള്‍
ഇടയ്ക്കിടയ്ക്ക്
സ്വന്തം മഴ ക്കൈകള്‍ നീട്ടി
ആ പൂക്കളെ തലോടി ക്കൊണ്ടിരുന്നു .
സ്മശാനങ്ങളിലേക്ക്
ആഴ്ന്നിറങ്ങിയ വേരുകളോട്
അവര്‍ പങ്കുവച്ച സുഖ ദുഃഖങ്ങള്‍
ആ പൂക്കളുടെ വര്‍ണ്ണങ്ങളായി മാറി ,
ഇളകിയാടിയും പൊഴിഞ്ഞു വീണും
ആ വര്‍ണ്ണങ്ങള്‍ പകലിന്‍റെ കണ്ണുനീര്‍ തുടച്ചു .
തേന്‍ തുള്ളികള്‍ പകുത്തെടുത്ത്
പറന്നു പോയ ശലഭങ്ങള്‍
ആകാശങ്ങളില്‍ ആയിരം ചെടികള്‍ നട്ടു.
അതില്‍ വിരിഞ്ഞ പൂക്കളുടെ
നിറങ്ങള്‍ കടമെടുത്ത് -
നിലാവ് മുറ്റത്തേക്കിറങ്ങി വന്നു .
കണ്ണടച്ചുറങ്ങാന്‍ നേരമായി
സന്ധ്യയില്‍ ചാലിച്ചണിഞ്ഞ
ചന്ദനക്കുറി മായ്ച്ചു ,
മഴനൂലില്‍ കോര്‍ത്തെടുത്ത
ഉടയാടകള്‍ അഴിച്ചു മാറ്റി ,
മഞ്ഞില്‍ കോറിയിട്ട അക്ഷരങ്ങള്‍ മാഞ്ഞു ,
നിറങ്ങള്‍ വാരിത്തേച്ച മുഖം കഴുകി മിനുക്കി .
ചിതറിയ മഴത്തുള്ളികളില്‍
പൂക്കള്‍ വിരിയിക്കാന്‍ വെയില്‍ വരാറായി ,
കണ്ണടച്ചുറങ്ങാന്‍ നേരമായി.....
ഷിയാസ്