ആകെ പേജ്‌കാഴ്‌ചകള്‍

വെള്ളിയാഴ്‌ച, ഒക്‌ടോബർ 30, 2015

യുവതിയായ സൂറ


കാലം നാൽപ്പത്തിരണ്ട്
വർഷങ്ങൾക്കപ്പുറം ..
മങ്ങിയ ഓർമ്മയിൽ പോലും
പൂത്ത് തളിർത്ത് നിൽക്കുന്നു
റാന്തൽ വിളക്കും ദഫ് മുട്ടുമായി
ഒരു പാതിരാ കല്യാണം
സിരകളിൽ ഒരു കൊള്ളിയാൻ
മിന്നിച്ച് കാലം തലച്ചോറ്‌
തുളച്ചൊരോട്ടം
എന്തിനാണിപ്പോ
ഇങ്ങനെയൊരോർമ്മ
അയാളിന്നും ജീവിച്ചിരിക്കുന്നു
എന്നറിയാമായിരുന്നിട്ടും
ഇന്ന് കേട്ട വാർത്തയ്ക്കെന്തു പുതുമ
വെറുതേ തന്നോട് തന്നെ ചോദിച്ചു
ഉത്തരമില്ലെങ്കിലും വെറുതെ ഓർത്തു
ചങ്കിലൊന്ന് കയ്യമർത്തി
കണ്ണുകൾ ഇറുക്കിയടച്ചു
ഓർമ്മകളിലൊരു വളകിലുക്കം
വാരി വലിച്ചുടുത്ത ചുവന്ന സാരി
ഇറുകിയ ജമ്പറിനുള്ളിൽ
ശ്വാസം മുട്ടുന്ന യൗവ്വനം
സാരിത്തലപ്പ് വലിച്ചിട്ട്‌ തലമറച്ച്
ചിരിക്കുന്ന മണവാട്ടിയായ സൂറ
മുറ്റത്തെത്തിയതോടെ
കരുതിവച്ച താളങ്ങൾ
ആവേശത്തിൽ തിരിഞ്ഞും
മറിഞ്ഞുമടിച്ച കോൽക്കളിക്കാരുടെ
ഇടയിൽ ,പഴുതാര മീശയുമായി
മണവാളൻ സുലൈമാൻ
ഉയർന്ന് കേട്ട കോൽക്കളി പാട്ടിൽ
മരക്കൊമ്പിൽ ഉറക്കം പിടിച്ച കോഴികൾ
ഉണർന്നൊന്ന് കൂവി
പന്തലിൽ കെട്ടിത്തൂക്കിയ
വിളക്കുകൾ അണഞ്ഞു
ഇരുട്ടിന്റെ തേരിലേറി
ദാമ്പത്യത്തിലേക്കുള്ള ആദ്യയാത്ര
ഓരോ അലക്കിലും നിറം പോകുന്ന
ആ ചുവന്ന സാരി പോലെ -
ഓരോ പകലിലേക്കും നിറം മങ്ങി
ഉണർണീക്കുന്ന ദാമ്പത്യം
പിന്നിക്കീറി വേർപെടുന്ന
സാരിത്തലപ്പുകൾ പലവട്ടം
തുന്നിച്ചേർത്തുടുത്ത പകലുകൾ
രാത്രികൾ സന്ധ്യകൾ -
കരയാൻ ഇടകിട്ടാതെ
നേർച്ചക്കറക്കുന്ന കോഴിപ്പൂവന്റെ
ശബ്ദമില്ലാത്ത തേങ്ങൽ പോലൊരു
തേങ്ങലോടെ മുറിഞ്ഞുവീണ താലി ,
തണുത്തുറഞ്ഞ നാൽപ്പത്തി രണ്ട് വർഷങ്ങൾ
ഓർമ്മകിളിൽ നിന്ന് പോലും മാഞ്ഞുപോയവ
തുടർക്കഥപോലെ താണ്ഡവമാടിയ ദുരന്തങ്ങൾ
എന്തിനാണിപ്പോ
ഇങ്ങനെയൊരോർമ്മ
ഉത്തരമില്ലെങ്കിലും വെറുതെ ഓർത്തു പോയി
കാലമെത്ര കടന്നുപോയി
ഇന്ന് മോളോടൊപ്പമുള്ള ജീവിതം
ങ്ങളെന്തിനാ കരയുന്നേ
കവിളിൽ വീണ കണ്ണുനീരിൽ
മടിയിലുറങ്ങിയ
കൊച്ചുമോളുണർന്ന് ചോദിച്ചു
ഉപ്പ നാളെ വരൂലോ
എനിക്ക് കൊറേ കൂട്ടങ്ങള്
കൊണ്ടോരും -കുഞ്ഞുമോളോ
രോന്ന് പറഞ്ഞോണ്ടിരുന്നു
ങ്ങളാടെന്തെടുക്ക്വാമ്മാ
ഇങ്ങട് വരീ - ന്റെ റബ്ബേ
എന്തൊക്കെ കൂട്ടങ്ങള് ഒരുക്കിയാലാ
ഈ രാത്രി ഒന്ന് കൈച്ചിലാവ്വാ -
മോള് ജമീലാന്റെ വിളി
ഓൻ ..ജബ്ബാറ് ഓക്കടെ ഭാഗ്യാ
ന്റെ ഗതി ഓക്ക് വന്നില്ലല്ലോ
ന്റെ മോള് എന്നേം കൈവിട്ടില്ലല്ലോ
റബ്ബേ നീ കാത്തു .
കുഞ്ഞുമോളെ
ഇറുകെ കെട്ടിപ്പിടിച്ച്
എണീറ്റു ..ജമീലാന്റൊപ്പം
പണികളെല്ലാം തീർത്തു
മൂന്ന് കൊല്ലം കഴിഞ്ഞുള്ള വരവല്ലേ
പിരിഞ്ഞിരിക്കാനും കാത്തിരിക്കാനുമൊക്കെ
എന്റെ മോള് നല്ലോണം ശീലിച്ചുപോയി
എന്ന് അത്ഭുതത്തോടെ ഓർത്തു .