ആകെ പേജ്‌കാഴ്‌ചകള്‍

ശനിയാഴ്‌ച, ജൂൺ 07, 2014

വിളക്കേ ...

അണയ്ക്കാത്ത 
വിളക്കുകളിലെ 
നീളുന്ന രശ്മികൾ 
പറയാത്ത വാക്കുകളുടെ 
നിലയ്ക്കാത്ത 
പ്രയാണങ്ങളാണ്

ഇരുട്ട് കവർന്നെടുത്ത
പ്രഭാ വർണ്ണങ്ങൾ
നിറം മങ്ങി
അരികിലെത്തുമ്പോൾ
ഒളിച്ചുവച്ച തിരികൾ
പൂക്കളായി വിരിയുന്നു

പൂത്തിരിപോൽ
വിരിഞ്ഞ്കത്തിയ
ദീപനാളങ്ങൾ
എരിഞ്ഞ് വീണ്
മണ്‍തരികളിൽ ബാക്കിയാക്കിയ
ചെറു ശോഭകൾ -
നിന്നിലുണർത്തുന്നത്
വ്യസനമോ മോഹഭംഗങ്ങളോ

ഓ വെളിച്ചമേ ഒരു കരിന്തിരിയിൽ
നീ നിന്നെ കാത്തു വച്ചതിതെത്രനാൾ

ഇരുട്ടിൽ അണയാതെരിയുന്ന
ദീപനാളങ്ങൾ ഇനിയും
തേടി നടക്കുന്നതെന്നെയോ

അണയ്ക്കാത്ത
വിളക്കുകളിലെ
നീളുന്ന രശ്മികൾ
പറയാത്ത വാക്കുകളുടെ
നിലയ്ക്കാത്ത
പ്രയാണങ്ങളാണ്

എങ്കിലും

നിൻ പ്രഭയേറ്റ്
മയങ്ങിവീണ് മരിച്ചുപോയ
ചെറു പ്രാണികളോടൊപ്പം
ഞാനിന്നുമുറക്കത്തിലാണ് 
വിളക്കേ ...


 

വെള്ളിയാഴ്‌ച, ജൂൺ 06, 2014

നിങ്ങൾ നട്ട മരമേത്

നിങ്ങൾ നട്ട 
മരമേത് മക്കളെ 
വരുംകാല 
വറുതി തടയാൻ 
നിങ്ങൾ 
പ്ലാവുകൾ നട്ടോ
മാവുകൾ നട്ടോ
പേരകൾ നട്ടോ
തെങ്ങുകൾ നട്ടോ

മരം
നടാനൊരു ദിനം
വേണമെന്നായി
എന്നിട്ടും ഈ മരങ്ങൾ
നട്ടിട്ടില്ലെങ്കിൽ
പിന്നെ നിങ്ങൾ
നട്ടതെന്ത്
തണൽ
മരങ്ങളോ
പൂ മരങ്ങളോ
സുന്ദര മരങ്ങളോ ?

നമുക്കെന്തിന്
പൂമരങ്ങൾ
തണലും ഭക്ഷണവും
ഒരു മരം തരുമെങ്കിൽ
തണലിന് മാത്രമായി
എന്തിനൊരു മരം

പ്ലാവുകളുള്ള
ആദിവാസി ഊരുകളിൽ
പട്ടിണി മരണങ്ങളുണ്ടാകുമോ

പട്ടിണിയെ തടുക്കാൻ
നാടിന് ചുറ്റും പ്ലാവുകൾ കൊണ്ട്
മതിലുകെട്ടാൻ നാം എന്ന് പഠിക്കും ?

നിങ്ങൾ നട്ട
മരമേത് മക്കളെ ..............