ആകെ പേജ്‌കാഴ്‌ചകള്‍

വെള്ളിയാഴ്‌ച, ഡിസംബർ 25, 2015

മത സൗഹാർദ്ദം

ഊഷ്മളമായ 
തുറന്ന ചിരികളും
കറപുരളാത്ത സൗഹൃദ 
സംഗമങ്ങളും 
ഒഴുക്കിൽ 
കുത്തിയൊലിച്ചുപോയ
നദിക്കരയിൽ
അവർ ഒത്തുചേർന്ന്
വിമ്മിഷ്ട്ടത്തിന്റെ
കയ്പ്പുനീർ പോലെ
വിഷണ്ണരായി
ഖിന്നരായി
ഏറ്റു വാങ്ങി നുകരുകയും
മധുരം ചാലിച്ച്
വിതരണം ചെയ്യുകയുമായിരുന്നു
ഓരോ കപ്പ് വീഞ്ഞും
പാനം ചെയ്തവർ പലവഴി
പിരിഞ്ഞ് പോകുന്നു
കാലം ആവശ്യപ്പെടുന്ന
പ്രകടനങ്ങൾ
മജ്ജയും മാംസവും നഷ്ട്ടപ്പെട്ട
പുറം തോടുകളുടെ
ആശ്ലേഷങ്ങൾ

ഞായറാഴ്‌ച, നവംബർ 22, 2015

കവിത

നിർത്തുക, നിന്റെയീ നാട്യങ്ങൾ കവിതേ 
ഇനിയേത് തലങ്ങളെ സ്പർശിക്കാൻ 
ശേഷിയുണ്ട് നിനക്ക് ,ഇനിയേത് കണ്ണുകളെ 
ഈറനണിയിക്കാൻ നനവുണ്ട് നിന്റെ നാവുകൾക്ക് 
ജീവനില്ലാത്ത വാക്കുകളും ചുമന്ന് നീ 
ഇനിയെത്ര ദൂരം നടക്കും ,ഊർദ്ദ ശ്വാസം വലിക്കുന്ന 
നിന്റെ കിതപ്പും നിശ്വാസവും 
ഞാനറിയുന്നു ,ചൂടാറിയ  നിന്റെ നിശ്വാസത്താൽ 
ഇനിയാരെ നീ ഉന്മത്തയാക്കും , നിന്റെ ബഹുവർണ്ണ 
ഉടയാടകൾ അഴിഞ്ഞ് വീണലംകൃതയായ 
ഇടവഴികൾ നീ വിവസ്ത്രയെന്നോതുന്നത് 
കേൾക്കുന്നില്ലേ ,നിന്റെയരഞ്ഞാണത്തിൽ തൂങ്ങിയാടുന്ന 
അവാസനത്തെയാ  തുരുമ്പിച്ച രണ്ട് മണികളോ 
നിന്റെ  കനകച്ചിലങ്കൾ ,ഇനിയേത് ബാല്യങ്ങൾക്ക്‌ 
കൂട്ടാണ് നീ ? ഇനിയേത് യുവത്വത്തിൻ ഹരമാണ് നീ ?
നിന്റെ കന്യാചർമ്മം തകർത്തതിൻ ചോരയിലീ 
ലോകമാകെ ഒഴുകവേ ,ആരുണ്ട്‌ നിനക്കൊരു 
ചരമഗീതമെങ്കിലും പാടാനിനിയിവിടെ ?
ആശയറ്റകലുന്ന ബാല്യത്തിനോ ,അവസാന വംശത്തിന്റെ ബീജവുമായി കിതയ്ക്കുന്ന പറവകൾക്കോ ,സാന്ത്വനമായൊരു 
മാമ്പഴം ഇനിയെന്ന് പൊഴിക്കും നീ ?
വിഷക്കാറ്റേറ്റ് കരിഞ്ഞ മാംസം  
ബാക്കിവച്ച എല്ലിൻ കൂടുമായലയുന്ന 
ഞങ്ങൾക്ക് മുന്നിൽ ,ഇനിയും എന്തിനു വൃദ്ധനായ  നീ 
മോഹിപ്പിക്കുന്ന പുരുഷവേഷം കെട്ടി നിൽക്കണം ?
നിർത്തുക, നിന്റെയീ നാട്യങ്ങൾ കവിതേ...
ഈ പണിയുന്നതൊക്കെയും നിന്റെ പട്ടടകളാണ്
ഈ മുഴങ്ങുന്നതൊക്കെയും നിലംപൊത്തുന്ന 
മാവിൻ തൈകളാണ് ,ഞങ്ങളിവിടെ തീർക്കുകയാണ് 
നിന്റെ അന്ത്യ യാത്ര ,കരയരുത് നീ നിന്റെ ചുണ്ടുകൾ 
തുന്നിക്കെട്ടിയിട്ടുണ്ട് ഞങ്ങൾ ,അനങ്ങരുത് നീ  നിന്റെ 
കൈകാലുകൾ കൂട്ടി കെട്ടിയിട്ടുണ്ട് ഞങ്ങൾ  ,
ചിന്തിക്കരുത് നീ നിന്റെ ഹൃദയം പറിച്ചെടുത്തിട്ടുണ്ട് 
ഞങ്ങൾ ,ചോദിക്കുന്നില്ല നിന്റെ അവസാനത്തെ ആഗ്രഹം - നീയൊരതിമോഹിയാണെന്നറിയാം..
സ്വീകരിക്കുക ഞങ്ങളുടെയീ ഔദാര്യം - 
നിന്റെ പൂത്തുലഞ്ഞ  യവ്വനത്തിൽ നീ പകർന്നാടിയ 
നിന്റെ നിറങ്ങൾ കൊത്തിവച്ചൊരു റീത്ത്,നിനക്കായി . 

ബുധനാഴ്‌ച, നവംബർ 11, 2015

ജാരൻ


ജാര വിരുന്നുകൾ മനോഹരമാണ് 
ഓരോ അണുവിലും ലഹരി പകരുന്നവ
ഓരോ കാഴ്ചയും ഉന്മത്തമാണവിടെ
പുതുമ പെയ്തിറങ്ങുന്ന നിമിഷങ്ങൾ
എന്നും നമുക്കോരോ ജാര വിരുന്നുകൾ
തരപ്പെട്ടിരുന്നെങ്കിൽ ,ഈ ജീവിതമാകെ
പൂത്ത് വിരിയുന്നത് കാണാമായിരുന്നു
ജാര വിരുന്നിലേക്കുള്ള ഓരോ
കാലടിയിലും സ്വർഗ്ഗീയാനുഭൂതി
കുടികൊള്ളുന്നു ,നടത്തയുടെ താളമാകെ
മാറുന്നു ,മനസ്സിലൊരു മാനത്തോളം
മോഹങ്ങൾ ഉരുണ്ട് കൂടുന്നു ,ശരിക്കും
നാം ആൾക്കൂട്ടത്തിൽ തനിയെയാകുന്നു
ഒരു മുടിനാരും മുഷിഞ്ഞ തുണിപോലും
ജാര വിരുന്നിൽ ലഹരിനിറച്ച
തേൻകുടങ്ങളായി മാറുന്നു ,
ആലിംഗനങ്ങൾക്ക് ആകാശങ്ങളെ
സ്വന്തമാക്കുന്ന അനുഭൂതി -അവാച്യമായ
നിർവൃതിയുടെ ആഴങ്ങളിൽ
അർഥശൂന്യമായ ജീവിതത്തിലേക്കിനിയൊരു
മടങ്ങിവരവില്ലെന്ന് നാം മന്ത്രിക്കും ,
ഹോ ഓരോ കാഴ്ചയും കണ്ണുകളിലല്ല
സിരകളിലാണ് പതിയുന്നത് ,നുരയുന്ന
വീഞ്ഞിനെ നുകരുന്ന നാവുകൾ
ഒരുലോകത്തെയാകെ വിഴുങ്ങുകയാണവിടെ
ഒരു നോട്ടത്തിൽ മിന്നിമറിയുന്നത്
മഴവില്ലുകളാണ് ,താളത്തിൽ മിടിക്കുന്ന
ഹൃദയങ്ങൾ പുണരാൻ പെരുമ്പറ
കൊട്ടുകയാണാ വിരുന്നിൽ
കണ്ടു മടുത്ത കാഴ്ച്ചകളിലൊക്കെയും
പുറത്ത് ചാടാൻ വെമ്പിനിൽക്കുന്ന
സൗന്ദര്യം തുളുമ്പി നിറയുന്നു
ജാര വിരുന്നുകളുടെ മാത്രം
ലഹരിയാണിവ -
ഏറ്റവും തീഷ്ണമായ കവിത
ഉടലുകൾ ഉരുക്കിയ വാക്കുകളായി
ഇഴചേർന്ന് കവിത വിരിയിക്കുന്ന
അനിർവചനീയാനുഭൂതി -ജാര വിരുന്നുകൾ
മനോഹരമാണ് -ഭയം സിരകളിൽ
ഉന്മാദവുമായി കലർന്ന് നുരയുന്ന
ലഹരിയായി മാറുന്ന മായാജാലം
ഹൃദയങ്ങളിലാണ് രതിമൂർച്ച
ശരീരമൊരു നിമിത്തം മാത്രം
ഏറ്റവും മൃദുലം ഹൃദയത്തിലെ
പ്രണയാവരണങ്ങളാണ് നിറഞ്ഞ
നിതംബങ്ങളല്ല -ജാര വിരുന്നുകളുടെ
മാത്രം ലഹരിയാണവ -
ജാരവിരുന്നുകൾ മനോഹരമാണ് .

വെള്ളിയാഴ്‌ച, നവംബർ 06, 2015

ഉണ്ണി നേഴ്സറിയിലേക്ക്


മകളെ തുടങ്ങുന്നു നിന്റെ യാത്ര
അറിവിന്റെ കേദാര ഭൂമി താണ്ടാൻ
ഇവിടെ തുടങ്ങുന്നു നിന്റെ യാത്ര
ഏഴര വെളുപ്പിനെണീക്കണം നീ
കുളിയും ജപവും കഴിക്കണം നീ
ഇഷ്ട ശയനത്തിനറുതിയാവു
മെങ്കിലും കരയാതെണീറ്റൊരുങ്ങണം നീ
പൈതലേ ,നിന്നിളം മേനിയിലേ
ക്കൊഴുകി യിറങ്ങി ക്കുളിര്
കോരുന്ന കുളിയിൽ നിന്നുത്സാഹം
കെട്ടുപോകല്ലേ ,
ഒന്നല്ലൊരായിരം ക്ലാസ് മുറികൾ
നിന്നെത്തേടി കാത്തിരിക്കുന്നു ,
ഷഷ്ടി പൂർത്തിയിലും
അവസാനിക്കാത്ത
യാത്രയിലേക്കുണരൂ
കുരുന്നേ നീ .
കെട്ടിപ്പിടിച്ചുറങ്ങുന്ന
കളിപ്പാട്ടങ്ങളെടുത്തുമാറ്റി
തുള്ളിച്ചാടി നടക്കുന്ന
പകലുകളോട്
യാത്രപറഞ്ഞിറങ്ങൂ നീ
കളി സ്കൂളും നേഴ്സറിയും
ഹൈസ്കൂളും കോളേജും
കഴിഞ്ഞാൽ പോലും
അവസാനിക്കാത്ത ചിട്ടകളുടെ
തുടക്കമാണീ ഉണരലുകൾ ,
ചിട്ടയാണ് മുത്തേ
ജീവിതമാകെ ചിട്ടകളാണ്
നേഴ്സറി മുതൽ റിട്ടയർമെന്റ്
വരെ തുടരുന്ന ചിട്ടകൾ -
നിന്റെ എല്ലാ ഉറക്കങ്ങളും
പാതിവഴിയിൽ
തകർക്കപ്പെടും - എല്ലാ കളികളും
പാതിവഴിയിൽ നിർത്തപ്പെടും
കരയരുതുണ്ണീ ,സ്വാഗതം
ഈ ജീവിതത്തിലേക്ക് ,
മായരുതേ
നിന്റെ കണ്ണിലെ കൗതുകങ്ങൾ
നിർത്തരുതേ
നിന്റെ കുഞ്ഞുവായിലെ
വലിയ ചോദ്യങ്ങൾ -
അഴിക്കരുതേ
നിന്റെ കാലിലെ ചിലങ്കകൾ ,
മാപ്പ് ചോദിക്കുന്നു ഞാൻ മകളെ ,
പാട്ട് പാടി നിന്റെ മൈൻഡ് മാറ്റി
നിന്നെ ഉറക്കത്തിലേക്ക് തള്ളിയിടുന്നതിന് ,
ടീച്ചറിന്റെ പേര് പറഞ്ഞ് പേടിപ്പിച്ച്
നിന്നെ ചട്ടം പഠിപ്പിക്കുന്നതിന് ,
മടക്കം അസാദ്ധ്യമായൊരു യാത്രയിലേക്ക്
നിന്നെ തള്ളിയിടുന്നതിന് ,
അറിയില്ല കുട്ടീ
ആരോ വരച്ച വരകളിലൂടെ
ഞാനും നിന്നെയും കൊണ്ട് പോകുന്നു
പുതിയ വഴിത്താരകൾ
നിനക്കേകാൻ കഴിയാത്ത
അശക്തനും ഭീരുവുമാണ് ഞാൻ
വിധിവിലക്കുകൾ ഒന്നുമില്ലാതെ
ജീവിക്കുന്ന നിന്റെ ബാല്യത്തിന്റെ
ധീരതയുടെ മുന്നിലെൻ
ദുർബല വാർദ്ധക്യം ചിട്ടകളോട്
സമരസപ്പെട്ട് ഊർദ്ദശ്വാസം
വലിച്ച് ,അപകർഷതയുടെ
ഭാരവും പേറി നിനക്ക് മുന്നിൽ
മാപ്പപേക്ഷിച്ചുകൊണ്ട് ചോദിക്കുന്നു ,
സമയമായി ഉണരില്ലേ നീ ?
ഉണരൂ മകളെ തുടങ്ങുന്നു നിന്റെ യാത്ര.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 30, 2015

യുവതിയായ സൂറ


കാലം നാൽപ്പത്തിരണ്ട്
വർഷങ്ങൾക്കപ്പുറം ..
മങ്ങിയ ഓർമ്മയിൽ പോലും
പൂത്ത് തളിർത്ത് നിൽക്കുന്നു
റാന്തൽ വിളക്കും ദഫ് മുട്ടുമായി
ഒരു പാതിരാ കല്യാണം
സിരകളിൽ ഒരു കൊള്ളിയാൻ
മിന്നിച്ച് കാലം തലച്ചോറ്‌
തുളച്ചൊരോട്ടം
എന്തിനാണിപ്പോ
ഇങ്ങനെയൊരോർമ്മ
അയാളിന്നും ജീവിച്ചിരിക്കുന്നു
എന്നറിയാമായിരുന്നിട്ടും
ഇന്ന് കേട്ട വാർത്തയ്ക്കെന്തു പുതുമ
വെറുതേ തന്നോട് തന്നെ ചോദിച്ചു
ഉത്തരമില്ലെങ്കിലും വെറുതെ ഓർത്തു
ചങ്കിലൊന്ന് കയ്യമർത്തി
കണ്ണുകൾ ഇറുക്കിയടച്ചു
ഓർമ്മകളിലൊരു വളകിലുക്കം
വാരി വലിച്ചുടുത്ത ചുവന്ന സാരി
ഇറുകിയ ജമ്പറിനുള്ളിൽ
ശ്വാസം മുട്ടുന്ന യൗവ്വനം
സാരിത്തലപ്പ് വലിച്ചിട്ട്‌ തലമറച്ച്
ചിരിക്കുന്ന മണവാട്ടിയായ സൂറ
മുറ്റത്തെത്തിയതോടെ
കരുതിവച്ച താളങ്ങൾ
ആവേശത്തിൽ തിരിഞ്ഞും
മറിഞ്ഞുമടിച്ച കോൽക്കളിക്കാരുടെ
ഇടയിൽ ,പഴുതാര മീശയുമായി
മണവാളൻ സുലൈമാൻ
ഉയർന്ന് കേട്ട കോൽക്കളി പാട്ടിൽ
മരക്കൊമ്പിൽ ഉറക്കം പിടിച്ച കോഴികൾ
ഉണർന്നൊന്ന് കൂവി
പന്തലിൽ കെട്ടിത്തൂക്കിയ
വിളക്കുകൾ അണഞ്ഞു
ഇരുട്ടിന്റെ തേരിലേറി
ദാമ്പത്യത്തിലേക്കുള്ള ആദ്യയാത്ര
ഓരോ അലക്കിലും നിറം പോകുന്ന
ആ ചുവന്ന സാരി പോലെ -
ഓരോ പകലിലേക്കും നിറം മങ്ങി
ഉണർണീക്കുന്ന ദാമ്പത്യം
പിന്നിക്കീറി വേർപെടുന്ന
സാരിത്തലപ്പുകൾ പലവട്ടം
തുന്നിച്ചേർത്തുടുത്ത പകലുകൾ
രാത്രികൾ സന്ധ്യകൾ -
കരയാൻ ഇടകിട്ടാതെ
നേർച്ചക്കറക്കുന്ന കോഴിപ്പൂവന്റെ
ശബ്ദമില്ലാത്ത തേങ്ങൽ പോലൊരു
തേങ്ങലോടെ മുറിഞ്ഞുവീണ താലി ,
തണുത്തുറഞ്ഞ നാൽപ്പത്തി രണ്ട് വർഷങ്ങൾ
ഓർമ്മകിളിൽ നിന്ന് പോലും മാഞ്ഞുപോയവ
തുടർക്കഥപോലെ താണ്ഡവമാടിയ ദുരന്തങ്ങൾ
എന്തിനാണിപ്പോ
ഇങ്ങനെയൊരോർമ്മ
ഉത്തരമില്ലെങ്കിലും വെറുതെ ഓർത്തു പോയി
കാലമെത്ര കടന്നുപോയി
ഇന്ന് മോളോടൊപ്പമുള്ള ജീവിതം
ങ്ങളെന്തിനാ കരയുന്നേ
കവിളിൽ വീണ കണ്ണുനീരിൽ
മടിയിലുറങ്ങിയ
കൊച്ചുമോളുണർന്ന് ചോദിച്ചു
ഉപ്പ നാളെ വരൂലോ
എനിക്ക് കൊറേ കൂട്ടങ്ങള്
കൊണ്ടോരും -കുഞ്ഞുമോളോ
രോന്ന് പറഞ്ഞോണ്ടിരുന്നു
ങ്ങളാടെന്തെടുക്ക്വാമ്മാ
ഇങ്ങട് വരീ - ന്റെ റബ്ബേ
എന്തൊക്കെ കൂട്ടങ്ങള് ഒരുക്കിയാലാ
ഈ രാത്രി ഒന്ന് കൈച്ചിലാവ്വാ -
മോള് ജമീലാന്റെ വിളി
ഓൻ ..ജബ്ബാറ് ഓക്കടെ ഭാഗ്യാ
ന്റെ ഗതി ഓക്ക് വന്നില്ലല്ലോ
ന്റെ മോള് എന്നേം കൈവിട്ടില്ലല്ലോ
റബ്ബേ നീ കാത്തു .
കുഞ്ഞുമോളെ
ഇറുകെ കെട്ടിപ്പിടിച്ച്
എണീറ്റു ..ജമീലാന്റൊപ്പം
പണികളെല്ലാം തീർത്തു
മൂന്ന് കൊല്ലം കഴിഞ്ഞുള്ള വരവല്ലേ
പിരിഞ്ഞിരിക്കാനും കാത്തിരിക്കാനുമൊക്കെ
എന്റെ മോള് നല്ലോണം ശീലിച്ചുപോയി
എന്ന് അത്ഭുതത്തോടെ ഓർത്തു .

തിങ്കളാഴ്‌ച, സെപ്റ്റംബർ 28, 2015

തേൻ കുടങ്ങൾ

ഇനിയുമുണ്ട് പ്രിയേ
എറിഞ്ഞുടയ്ക്കാൻ 
കഴിയാത്ത 
ആയിരം മോഹങ്ങൾതൻ 
തേൻ കുടങ്ങളെൻ നെഞ്ചിൽ 
തിരയിലിളകി നീ
മെല്ലെയകലുമ്പോൾ
ഒരു തീരാ നോവായെൻ
നെഞ്ചോട്‌ ചേരുന്നു നീ
അകലുന്നുനീ യൊരു
പായ് വഞ്ചിയിലെങ്കിലും
അറിയുന്നു ഞാൻ
ചന്ദന ശോഭപോലെന്നെ
തഴുകുന്ന നിൻ മിഴികളെ
വീഴ്ത്താതെ നീ തൂവുന്ന
കണ്ണുനീരോ തുഴയോ
പുഴയിലെയീ കുഞ്ഞോളങ്ങൾ
കാണാം നമുക്കാ
സാഗരങ്ങൾക്കപ്പുറം
വിഷാദം കരഞ്ഞ് തീർത്ത്
മയങ്ങുന്ന കണ്ണുകൾക്ക്
കുളിരായി
അറിയാം നമുക്കന്ന്
പൊഴിഞ്ഞുപോയ
പ്രണയത്തിൻ തേനൂറും
അഭിലാഷങ്ങൾ
കരുതലായി നിൻ കൈപ്പടയിലൊരു
മുത്തമായൊരു കാലത്തെയാകെ
ഞാനെൻ നിശ്വാസത്തിലൊളിപ്പിക്കാം
ഒരുമിച്ച് തിരയാം
പിന്നിട്ട വഴികളിൽ
കുറിച്ചിട്ട വരികളെ
നമുക്കാ പൊഴിഞ്ഞുവീണ
പൂവിതളുകളിൽ
കാതങ്ങൾക്കപ്പുറം
ചെവിയോർത്തിരിക്കുന്ന
നീയാണീയക്ഷരങ്ങൾ
താഴ്വര താണ്ടിയ പൂങ്കാറ്റെ
കണ്ണിമ വെട്ടാതെയൊരുമൃദു
സംഗീതമായുണർത്തണേ
പറയണേ തിരയിലിളകി
മെല്ലെയകലുമാ തോണിയോടൊരു
കാലമാകെ കയ്യിലൊതിക്കി
കൂടണയാതലയുന്നീ
തേൻ കുടങ്ങൾതൻ മനോരാജ്യം .

വ്യാഴാഴ്‌ച, ജൂൺ 25, 2015

വീട്


സ്വപ്നമെന്ന് പലരും
വിശേഷിപ്പിക്കുന്ന
കല്ലും മണ്ണും ചേർത്ത് കുഴച്ച് 
പെട്ടികൾ പോലെ നിരത്തി
ഉയർത്തി പണിയുന്ന ഒരു കൂട്
ആനന്ദം പകരുന്ന
ഇരിപ്പടങ്ങൾ
അനുഭൂതി നൽകുന്ന
കിടക്കകൾ
ഇതൊക്കെ തേടുകയാണ്
നാം ഓരോ നിമിഷവും
എന്ത് വ്യഗ്രതയാണ്
നാല് ചുവരുകൾക്കുള്ളിലേക്ക്
നമ്മളെ ഒതുക്കി ക്കെട്ടാൻ
വീടില്ലാത്തവരുടെ മുന്നിൽ
കൂടിന്റെ മൂലയിൽ ഉറങ്ങുന്ന
പൂച്ചയെപ്പോലെ മുയലിനെപ്പോലെ
വീടുള്ളവർ ചെറുതാകാറുണ്ട്
പലപ്പോഴും
പരുപരുത്ത പ്രതലങ്ങളിൽ
ചന്തിയുറപ്പിച്ചിരിക്കാൻ
സുഖമില്ലാത്തതിനാൽ
നാം വീട്ടിലെ കസേരകളിലേക്ക്
ആകർഷിക്കപ്പെടുന്നു
കല്ലിലും പുല്ലിലും പാറപ്പുറത്തും
ഉറങ്ങാൻ കഴിയാത്തതിനാൽ
നാം വീട്ടിനുള്ളിലെ മെത്തയിലേക്ക്
മടങ്ങിയെത്താൻ മോഹിക്കുന്നു
അങ്ങനെ വീട് നമ്മെ എപ്പോഴും
മാടി വിളിച്ചു കൊണ്ടിരിക്കുന്നു
ഭംഗിയുള്ള വസ്ത്രം ധരിച്ച്
നാണം മറച്ച് നാം നാണമുള്ളവരായി
മാറിയപ്പോൾ നമുക്കൊളിക്കാൻ
ഒരിടം വേണമെന്നായി
ഇന്ന് ലോകം തന്നെ വീടുകളിലേക്ക്
ചുരുങ്ങുകയല്ലേ
ഒരിയ്ക്കൽ വീടില്ലാതെ കഴിഞ്ഞിരുന്ന നമ്മൾ
ഇന്ന് പണികഴിച്ച കൂടുകൾക്കായി
ഒരു ജന്മം തന്നെ പാഴാക്കുന്നു
കിളിക്കൂടുകൾ പോലെ എല്ലാവീടും
ആടി ഉലയാത്തതെന്തുകൊണ്ട്
ആ നിശ്ചലതായാണോ നമ്മളെ
വീടുകൾ പണിയാൻ പ്രേരിപ്പിക്കുന്നത്
വീടിനുള്ളിൽ ചെയ്യാൻ കഴിയുന്ന
കാര്യങ്ങൾ മാത്രമാണ് ജീവിതമെന്ന്
നാം മാറ്റി എഴുതിയ ജീവിതമല്ലേ
സത്യത്തിൽ നമ്മെ വീട് പണിയാൻ
പ്രേരിപ്പിക്കുന്നത്
എന്തോ - മാറിയ കമ്പോള ലോകത്ത്
സൗജന്യമായി പ്രകൃതി ഒരുക്കിയ
വീടുകളുപേക്ഷിച്ച് -കമ്പോള
വീടുകളിലേക്ക് നാം ചേക്കേറാൻ
കൊതിക്കുന്നു
എങ്ങും വീടുകൾ എവിടെയും വീടുകൾ
നാം വീടുകൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു
തോരാത്ത പേമാരിയും
പേടിപ്പെടുത്തുന്ന ഇടിമിന്നലും
നമ്മെ വീടുകളിലേക്ക്
ആട്ടിപായിച്ച് കയറ്റുന്നു
എല്ലാ ഉറുമ്പിനും കൂടുണ്ട്‌
എല്ലാ പക്ഷിക്കും കൂടുണ്ട്‌
എല്ലാ മനുഷ്യനും വീടുണ്ടോ
ഉറുമ്പുകളും പക്ഷികളും
വീടുകൾ വിൽപ്പന നടത്താറുണ്ടോ
ഇല്ല - പിണെങ്ങനെ മനുഷ്യന് മാത്രം
വീടൊരു ബാലികേറാ മലയാകുന്നു
അറിയില്ല - സകല വ്യവഹാരങ്ങളും
വീടെന്ന കൂടിനെ കേന്ദ്രീകരിയ്ക്കുമ്പോൾ
ഭൂമിയെ പകുത്തെടുത്ത്‌
അതിരുകെട്ടി നാം കയ്യേറുന്നു
മനോഹര സ്ഥലങ്ങൾ
കടലോരം കായൽതീരം പുഴയോരം
മലഞ്ചെരുവുകൾ
അങ്ങനെയെല്ലാമെല്ലാം ചിലർ
അധീനതയിലാക്കി പ്രകൃതിയിലെ
പൊതു വീടുകളെ
നമുക്കപ്രാപ്യമാക്കിയിരിക്കുന്നു
ഇതാവാം ഒരു ജന്മം മുഴുവനും
ഒരു വീടിനു വേണ്ടി പാഴാക്കേണ്ട
അവസ്ഥയിൽ നമ്മെ എത്തിച്ചത്
ഇരിക്കാനുള്ള കിടക്കാനുള്ള
ഭക്ഷിക്കാനുള്ള ഇടങ്ങളെന്ന
കേവല സൗകര്യങ്ങൾ
ലഭ്യമാകുന്ന ഒരിടം -അത് നമ്മളെ
എങ്ങനെയാണ് ഇങ്ങനെ കീഴടക്കുന്നത്‌
നാം മനുഷ്യർ അത്ര ദുർബലരാണോ
വീടൊരു സത്യമാണോ
വീടൊരു യാഥാർത്യമാണോ
നമുക്കെല്ലാ വീടുകളും സത്രങ്ങളാക്കി
വീടിന്റെ ആധിപത്യം അവസാനിപ്പിച്ചാലോ
കാണുന്ന വീടുകളിലൊക്കെ
ആർക്കും താമസിക്കാമെന്ന
നിയമം കൊണ്ടുവന്നാലോ
സ്വപ്നമെന്ന് പലരും
വിശേഷിപ്പിക്കുന്ന വീടെന്ന
കല്ലിലും മണ്ണിലും പണിത
ഒരു വസ്തു നമ്മെ ഇത്രമാത്രം കീഴടക്കുന്നു
എന്നത് അവിശ്വസനീയമാണ്
എത്രയെത്ര വീടുകളെ കടലെടുത്തു
എത്രയെത്ര വീടുകളെ ഭൂമി വിഴുങ്ങി
എന്നിട്ടും നാം വീടുകളെ വിശസിക്കുന്നു
പിന്നെയും പിന്നെയും പണിയുന്നു ..
പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണിതീരാത്തൊരു പ്രപഞ്ച മന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്ത്
ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ ....
ഇങ്ങനെയെഴുതിയ അമാനുഷികാ
അങ്ങയുടെ കാലടികളിൽ ഞാനെന്നെ കുഴിച്ചിടുന്നു .

വ്യാഴാഴ്‌ച, ജൂൺ 11, 2015

അവർ മടങ്ങുകയാണ് ...























ഇറ്റിറ്റ് വീഴുന്ന കണ്ണുനീരിനാൽ

ഞാനെന്റെ നീറുന്ന നെഞ്ചകം തണുപ്പിക്കാം
പ്രിയമുള്ളവനെ നീയുമവിടെ തനിച്ചല്ലേ
പാതിവഴിയിൽ ഇട്ടെറിഞ്ഞ്‌ 
വേർപിരിഞ്ഞൊരെൻ പ്രിയ പങ്കാളി
പുലരാതെ പോയോരാ സ്വപ്‌നങ്ങൾ
നമുക്കവിടെ ഓർത്തെടുക്കാം
മുഴങ്ങുന്ന തക്ബീറുകളോടെ
മഞ്ചലേറി നീയകന്നനാൾമുതൽ
നുറുങ്ങി നൂറായൊരെൻ
ഹൃദയഭാരവും പേറി
ദിവസങ്ങളെണ്ണി ഞാൻ
കാത്തിരിക്കുന്നു
ബഹളം വയ്ക്കുന്ന
പേരക്കുട്ടികളുടെ നടുവിലും
ശൂന്യതയുടെ കൊടും ചുഴിയിൽ
ഞാനുമിവിടെ ഏകയല്ലോ
നിശ്ശബ്ദമാക്കപ്പെട്ട
എന്റെ തേങ്ങലുകൾ
എന്നിൽത്തന്നെ
അലയടിച്ചൊടുങ്ങുന്നു
ചന്ദനത്തിരികളുടെ
മണമാണെവിടെയും
യാസീനോത്തിന്റെ
ശബ്ദമാണെവിടെയും
ഊഴം കാത്ത് കഴിയുന്ന
ഉരുവിനെപ്പോലെ
മരണമോർത്തുള്ള
എന്റെയീ കാത്തിരിപ്പ്
കഠിനമാണ്
പള്ളിക്കുടിയിലേക്കെത്തുന്ന
ഓരോ മഞ്ചലുകളും
കോലായിലിരുത്തി വിധിയെനിക്ക്
കാണിച്ച് തരുന്നു
നാളെ ഞാനാണല്ലോ എന്ന
നടുക്കുന്ന ഓർമ്മയ്ക്കിടയിലും
ഞാൻ ചിരിക്കുന്നു മിണ്ടുന്നു
നടക്കുന്നു ഇരിക്കുന്നു
എന്റെയും സമയമടുത്തു
എന്നിവർക്കേവർക്കുമറിയാം
അവരുമെന്നേ ഒരുങ്ങിക്കഴിഞ്ഞു
എന്നെയും ചുമന്ന് കൊണ്ട് പോകാൻ
ജാഥയ്ക്ക് മുന്നിലെ
സന്ദൂക്കിൽ കിടക്കുന്ന
എനിക്ക് ചുറ്റും
താളത്തിൽ മുഴങ്ങുന്ന
ആ മരണഗീതം കേട്ട്
മറ്റൊരു കോലായിൽ
ആ കാഴ്ച കണ്ട് പേടിക്കാൻ
വിധി മറ്റൊരുരിരയേയും കൂടി
ഒരുക്കി നിർത്തുന്നു
അങ്ങനെ മരണമോർത്ത്
മരണത്തിൽ ജീവിച്ച്
അവർ മടങ്ങാൻ
തയ്യാറെടുക്കുകയാണ്
നാമതറിയുന്നുണ്ടോ
തലമുറകൾക്ക് ജന്മം നൽകി
പോറ്റി വളർത്തിയ
അവരുടെ ഓരോ വാക്കും
തേങ്ങലോടെയുള്ള
യാത്രപറയലാണ്
അതെ അവർ പോവുകയാണ്
ഇനിയൊരിക്കലും അവരില്ല
ഉഴുതു മറിച്ച കണ്ടങ്ങളും
കൊയ്ത് മെതിച്ച നെല്ലും പതമ്പും
കഞ്ഞിവച്ച് വിളമ്പിയ കലങ്ങളും
ശാസിച്ചും സ്നേഹിച്ചും
ഊട്ടി വളർത്തിയ
നമ്മളേയുമെല്ലാം ഉപേക്ഷിച്ച്
അവർ മടങ്ങുകയാണ് ...
ഇറ്റിറ്റ് വീഴുന്ന കണ്ണുനീരിനാൽ
ഞാനെന്റെ നീറുന്ന നെഞ്ചകം തണുപ്പിക്കാം
പ്രിയമുള്ളവനെ നീയുമവിടെ തനിച്ചല്ലേ .

ചൊവ്വാഴ്ച, മേയ് 12, 2015

മഴക്കൈകൾ

ചിറകടികളുടെ ശബ്ദമല്ലേ 
ആ കേൾക്കുന്നത് 
അവർ കൊത്തിയെടുത്ത് 
പറക്കുന്നത് എന്നെ മാത്രമല്ലല്ലോ 
എന്റെ പൂവണിയാത്ത 

മോഹങ്ങളെക്കൂടിയല്ലേ
കാതുകൾ കൂർപ്പിക്കൂ
അവർ ഇറുക്കിപ്പിടിച്ചിരിക്കുന്ന
നഖ മുനകൾക്കുള്ളിൽ
മോഹങ്ങൾ
സംസാരിക്കുന്നത് കേൾക്കാം
ഇനിയൊരു മടക്കമില്ലാത്തവണ്ണം
അനന്തതയിലേക്കുള്ള
യാത്രക്കിടയിലെ അവസാന
സംസാരത്തിലാണവർ
നിറങ്ങൾ ഒലിച്ച് പോയൊരു
ചിത്രത്തിൽനിന്നവർ
ഇറങ്ങിയോടാൻ മോഹിച്ചിരുന്നെന്ന്
മന്ത്രിക്കുന്നത് കേൾക്കുന്നില്ലേ
ചായങ്ങളും നിറക്കൂട്ടുകളും
ചമല്‍ക്കാരങ്ങളും
അംഗലാവണ്യങ്ങളും
അഴകും സൌന്ദര്യവും
മോഹവലയങ്ങൾ
തീർത്ത മനോഹര ചിത്രങ്ങൾ
നാമെത്ര പ്രണയിച്ചിരുന്നു
ഇന്നിതാ
അഭിലാഷങ്ങളെ വേർപെടുത്തി
നിറങ്ങൾ പറന്നുയരുന്നു
ഇനിയേത് വൻകരകളിൽ
പെയ്തിറങ്ങാൻ
അലയുകയാണവരൊരു
മഴക്കാട് തേടി
ബാലികേറാ മലകളല്ലോ
നമുക്ക് ചുറ്റും
സ്വയം സീൽക്കാരങ്ങളിൽ
അവർ മന്ത്രിച്ചതിതായിരുന്നോ
കവിഞ്ഞൊഴുകുന്നൊരു
കരയെനോക്കി
ആഴ്ന്ന് താഴുന്നൊരു
ചുഴിയെ നോക്കി
ഇനിയും
വെറുതെ മന്ദഹസിക്കുന്നതിലെന്തു കാര്യം
എന്റെ മഴക്കൈകൾ നീട്ടി
ഞാനൊന്ന് തലോടട്ടെ നിന്നെ
പൂമൊട്ടുകൾ വിരിയിച്ച്
നീ മറുപടി പറയൂ
നമുക്കീ നിശ്ശബ്ദതയിലൊരു
നൃത്തം ചവിട്ടാം.

ശനിയാഴ്‌ച, മാർച്ച് 07, 2015

സ്വപ്‌നങ്ങൾ


വർണ്ണരാജികൾ വാരി വിതറി
ആകാശത്ത്‌ വിരിയുന്ന നക്ഷത്രങ്ങൾ പോലെ
പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്ന സ്വപ്‌നങ്ങൾ 
രാത്രിയിൽ നമുക്ക് വിരുന്നേകുന്നു
കണ്ണ്ചിമ്മിത്തുറക്കുന്നതോടെ അവ പോയ്‌ മറയുന്നു
എന്തെന്ത് ലോകങ്ങളിലേക്കാണ്
സ്വപ്‌നങ്ങൾ നമ്മെയെടുത്ത് പറക്കുന്നത്
ഉറക്കത്തിലും നമ്മെ ജീവിപ്പിക്കുന്ന
സ്വപ്‌നങ്ങൾ ഒരു മഹാ പ്രഹേളിക തന്നെ
കാണാത്ത താഴ്‌വരകൾ
പതിയിരിക്കുന്ന ഭയങ്ങൾ
ആനന്ദത്തിലാറാടിക്കുന്ന
നൂറു നൂറ് നിമിഷങ്ങൾ
എല്ലാം നമുക്കേകുയാണ് സ്വപ്‌നങ്ങൾ
എല്ലാം നാമനുഭവിക്കുകയാണ്
ഉറക്കത്തിലും -സ്വപ്നത്തിലൂടെ
കണ്ണ് തുറക്കുന്നതോടെ
ഓർത്തെടുക്കാൻ കഴിയാത്ത
ദൂരേക്ക്‌ അവ പോയ്‌ മറയുന്നു
ഭീതിയുടെ ആഴങ്ങളിലേക്ക്
സ്വപ്‌നങ്ങൾ നമ്മെയെടുത്ത് കുതിക്കുമ്പോൾ
നാം ഭയന്ന് വിറച്ച് കണ്ണ് തുറക്കുന്നു
കണ്ണ് തുറക്കാൻ ശേഷിയില്ലാതെ
ഉറക്കത്തിൽ കരയുന്നു - കരുതിവച്ചതെന്തൊ
നമുക്ക് കാട്ടിത്തരാൻ കഴിയാതെ പോയതിൽ
സ്വപ്നമപ്പോൾ വിഷമിക്കുന്നുണ്ടാകില്ലേ ?
വിരുന്നെത്തുന്നത് സുന്ദര
സ്വപ്നങ്ങളാണെങ്കിൽ
അതിന്റെ മനോഹരമായ ആലസ്യത്തിൽ മുഴുകി
നാം ആനന്ദ നിർവൃതിയിൽ ആഴ്ന്നുറങ്ങുന്നു
കണ്ണ് തുറക്കുമ്പോൾ
ഇതളുകൾ പൊഴിഞ്ഞു പോയ
പൂത്തണ്ട് പോലെ നാം തനിച്ചാകുന്നു
ദുഖത്തോടെ മറഞ്ഞു പോയ
ആ സുന്ദര സ്വപ്നങ്ങളെ ഓർത്തെടുക്കാൻ
ശ്രമിച്ച് പരാചയപ്പെട്ട്
ഒരു ചെറു ചിരിയോടെ
കിടക്കയിൽ ഒന്നിളകി മറിഞ്ഞ് വീണ്ടും നാം കണ്ണടക്കുന്നു ..
നമ്മിൽ നിന്നും വേർപിരിഞ്ഞ
പ്രിയപ്പെട്ടവരെ സ്വപ്‌നങ്ങൾ
നമുക്ക് കാട്ടി ത്തരുന്നു
നാം അവരോടൊത്ത് കഴിയുന്നു ജീവിക്കുന്നു
പറയാൻ ബാക്കി വച്ചെതെല്ലാം പറയുന്നു
ഇനിയും ജനിക്കാത്ത
നമ്മുടെ കുട്ടികളെ പോലും നമ്മൾ
സ്വപ്നത്തിലൂടെ താലോലിക്കുന്നു
പാൽപുഞ്ചിരികൾ സമ്മാനിച്ച്
കുഞ്ഞോമനകൾ നമ്മോടൊത്ത് കളിക്കുന്നു
കുഞ്ഞു മാലാഖമാരെപ്പോലെ അവർ
നമുക്കുള്ളിൽ ചിറകടിച്ച് പറക്കുന്നു
ഹാ മനോഹര സ്വപ്നമേ നീ മറയാതിരുന്നെങ്കിൽ
നീയില്ലാത്ത പകലുകളിലേക്ക് എന്നെ തനിച്ചാക്കി
പോകരുതേ .. ഞാനിനിയുമുറങ്ങട്ടെ നിന്റെ മടിത്തട്ടിൽ
ഉറക്കത്തിലും നമ്മെ ജീവിപ്പിക്കുന്ന
സ്വപ്‌നങ്ങൾ ഒരു മഹാ പ്രഹേളിക തന്നെ.
ഷിയാസ്_______

ഞായറാഴ്‌ച, ജനുവരി 18, 2015

കുടുംബം

ജീവിതം
വിട്ടുവീഴ്ചകളും
അഡ്ജസ്റ്മെന്റുകളും
നിറഞ്ഞതാണെന്ന്
കേട്ടപ്പോൾ ഇത്രയും 
കരുതിയില്ല
ഓരോ തവണയും
മരണത്തിൽ നിന്നുള്ള
തിരിച്ചു വരവ് പോലെ
ഭയാനകമാകുന്നു ഓരോ
അഡ്ജസ്റ്മെന്റുകളും
കരിങ്കൽ ഹൃദയവുമായി
വേണം ജീവിതത്തിലേക്കിറങ്ങാൻ
എന്ന് തോന്നുന്നു
എന്നാൽ വേഗം വേഗം
അഡ്ജസ്റ്റ്മെന്റുകൾ നടത്തി
കരകയറി പുതിയ വേഷങ്ങൾ
അഭിനയിച്ച് തകർക്കാൻ കഴിയും
നാട്യങ്ങളും അഭിനയങ്ങളും
വശമില്ലാത്ത ലോല ഹൃദയങ്ങൾ
ഓരോ വീഴ്ചയിൽ നിന്നും
കരകയറാൻ സമയമെടുക്കും
അവർക്കോരോ അട്ജസ്റ്റ്റ്മെന്റും
ഓരോ മരണങ്ങളാണ്
വിട്ടു വീഴ്ചകൾ
അടക്കം ചെയ്യുന്ന
ശവക്കുഴികൾക്ക് മേൽ
ഉയർന്നു വരുന്ന മീസാൻ കല്ലുകളാണ്
കുടുംബം എന്ന സ്ഥാപനം ,
എത്ര ആഴത്തിലാണോ
വിട്ടുവീഴ്ചകൾ
അടക്കം ചെയ്യപ്പെടുന്നത്
അത്രയും ഭംഗിയായി മീസാൻ കല്ലുകൾ
മുകളിലേക്ക് ഉയർന്ന് വരും -
സമൂഹം അതിനെ
കെട്ടുറപ്പുള്ള കുടുംബം എന്ന് വിളിക്കും
ഓരോ മീസാൻ കല്ലുകൾക്കും
താഴെ - ദാമ്പത്യത്തിലെ ലോല ഹൃദയങ്ങൾ
അടക്കപ്പെട്ട ശവക്കുഴികളാണ് .
മീസാൻ കല്ലുകളെ മേലേക്കുയർത്താൻ
ബലിയായി താഴേക്ക്‌ താഴുന്നവരെ
ആ മരണത്തിൽനിന്നും കരകയറ്റുന്നത്
ശവകുഴികൾക്ക് മേൽ പറിച്ച് കുത്തിയ
ചെടികളിൽ വിരിഞ്ഞ പൂക്കളാണ്
ദാമ്പത്യ വല്ലരിയിൽ വിരിയുന്ന പൂക്കൾ
എന്ന് പറയപ്പെടുന്ന കുട്ടികൾ -





വിട്ടു വീഴ്ചകൾ
അടക്കം ചെയ്യുന്ന
ശവക്കുഴികൾക്ക് മേൽ
ഉയർന്നു വരുന്ന മീസാൻ കല്ലുകളാണ്
കുടുംബം എന്ന സ്ഥാപനം .

ചൊവ്വാഴ്ച, ജനുവരി 13, 2015

നടുമുറ്റം


കുട്ടികൾക്കോടിക്കളിക്കാൻ
എന്തിനാണിത്ര വിലപിടിപ്പുള്ള
നടുമുറ്റം
ഒരു മൂവ്വാണ്ടൻ മാവിന്
കൊല്ലത്തിലൊരിക്കൽ
പൂത്തു കായ്ച്ച് മാമ്പഴം
വീഴ്ത്താൻ
എന്തിനാണിത്ര വിലപിടിപ്പുള്ള
നടുമുറ്റം
സെന്റിന് മൂന്നും നാലും ലക്ഷമാ വില
അയ്‌ നാല് ഇരുപത് -
ഇരുപത് ലക്ഷത്തിന്റെ നടുമുറ്റം
അവിടെയാ പുള്ളാരുടെ ഒരോടിക്കളി
പോകിനെടാ പുള്ളാരെ
പെരക്കാത്തേക്ക്
ന്യൂ ജനറേഷൻ തന്തക്ക്
പുള്ളാരുടെ
ബാല്യത്തിന് വിലയിടേണ്ടി വന്നു
ഇരുപതു ലക്ഷം -
നടുമുറ്റത്ത് മറ്റൊരു വീടുയർന്നു
ബാല്യം പുരക്കകത്തൊതുങ്ങി .