ആകെ പേജ്‌കാഴ്‌ചകള്‍

ശനിയാഴ്‌ച, മാർച്ച് 07, 2015

സ്വപ്‌നങ്ങൾ


വർണ്ണരാജികൾ വാരി വിതറി
ആകാശത്ത്‌ വിരിയുന്ന നക്ഷത്രങ്ങൾ പോലെ
പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്ന സ്വപ്‌നങ്ങൾ 
രാത്രിയിൽ നമുക്ക് വിരുന്നേകുന്നു
കണ്ണ്ചിമ്മിത്തുറക്കുന്നതോടെ അവ പോയ്‌ മറയുന്നു
എന്തെന്ത് ലോകങ്ങളിലേക്കാണ്
സ്വപ്‌നങ്ങൾ നമ്മെയെടുത്ത് പറക്കുന്നത്
ഉറക്കത്തിലും നമ്മെ ജീവിപ്പിക്കുന്ന
സ്വപ്‌നങ്ങൾ ഒരു മഹാ പ്രഹേളിക തന്നെ
കാണാത്ത താഴ്‌വരകൾ
പതിയിരിക്കുന്ന ഭയങ്ങൾ
ആനന്ദത്തിലാറാടിക്കുന്ന
നൂറു നൂറ് നിമിഷങ്ങൾ
എല്ലാം നമുക്കേകുയാണ് സ്വപ്‌നങ്ങൾ
എല്ലാം നാമനുഭവിക്കുകയാണ്
ഉറക്കത്തിലും -സ്വപ്നത്തിലൂടെ
കണ്ണ് തുറക്കുന്നതോടെ
ഓർത്തെടുക്കാൻ കഴിയാത്ത
ദൂരേക്ക്‌ അവ പോയ്‌ മറയുന്നു
ഭീതിയുടെ ആഴങ്ങളിലേക്ക്
സ്വപ്‌നങ്ങൾ നമ്മെയെടുത്ത് കുതിക്കുമ്പോൾ
നാം ഭയന്ന് വിറച്ച് കണ്ണ് തുറക്കുന്നു
കണ്ണ് തുറക്കാൻ ശേഷിയില്ലാതെ
ഉറക്കത്തിൽ കരയുന്നു - കരുതിവച്ചതെന്തൊ
നമുക്ക് കാട്ടിത്തരാൻ കഴിയാതെ പോയതിൽ
സ്വപ്നമപ്പോൾ വിഷമിക്കുന്നുണ്ടാകില്ലേ ?
വിരുന്നെത്തുന്നത് സുന്ദര
സ്വപ്നങ്ങളാണെങ്കിൽ
അതിന്റെ മനോഹരമായ ആലസ്യത്തിൽ മുഴുകി
നാം ആനന്ദ നിർവൃതിയിൽ ആഴ്ന്നുറങ്ങുന്നു
കണ്ണ് തുറക്കുമ്പോൾ
ഇതളുകൾ പൊഴിഞ്ഞു പോയ
പൂത്തണ്ട് പോലെ നാം തനിച്ചാകുന്നു
ദുഖത്തോടെ മറഞ്ഞു പോയ
ആ സുന്ദര സ്വപ്നങ്ങളെ ഓർത്തെടുക്കാൻ
ശ്രമിച്ച് പരാചയപ്പെട്ട്
ഒരു ചെറു ചിരിയോടെ
കിടക്കയിൽ ഒന്നിളകി മറിഞ്ഞ് വീണ്ടും നാം കണ്ണടക്കുന്നു ..
നമ്മിൽ നിന്നും വേർപിരിഞ്ഞ
പ്രിയപ്പെട്ടവരെ സ്വപ്‌നങ്ങൾ
നമുക്ക് കാട്ടി ത്തരുന്നു
നാം അവരോടൊത്ത് കഴിയുന്നു ജീവിക്കുന്നു
പറയാൻ ബാക്കി വച്ചെതെല്ലാം പറയുന്നു
ഇനിയും ജനിക്കാത്ത
നമ്മുടെ കുട്ടികളെ പോലും നമ്മൾ
സ്വപ്നത്തിലൂടെ താലോലിക്കുന്നു
പാൽപുഞ്ചിരികൾ സമ്മാനിച്ച്
കുഞ്ഞോമനകൾ നമ്മോടൊത്ത് കളിക്കുന്നു
കുഞ്ഞു മാലാഖമാരെപ്പോലെ അവർ
നമുക്കുള്ളിൽ ചിറകടിച്ച് പറക്കുന്നു
ഹാ മനോഹര സ്വപ്നമേ നീ മറയാതിരുന്നെങ്കിൽ
നീയില്ലാത്ത പകലുകളിലേക്ക് എന്നെ തനിച്ചാക്കി
പോകരുതേ .. ഞാനിനിയുമുറങ്ങട്ടെ നിന്റെ മടിത്തട്ടിൽ
ഉറക്കത്തിലും നമ്മെ ജീവിപ്പിക്കുന്ന
സ്വപ്‌നങ്ങൾ ഒരു മഹാ പ്രഹേളിക തന്നെ.
ഷിയാസ്_______