ആകെ പേജ്‌കാഴ്‌ചകള്‍

തിങ്കളാഴ്‌ച, സെപ്റ്റംബർ 28, 2015

തേൻ കുടങ്ങൾ

ഇനിയുമുണ്ട് പ്രിയേ
എറിഞ്ഞുടയ്ക്കാൻ 
കഴിയാത്ത 
ആയിരം മോഹങ്ങൾതൻ 
തേൻ കുടങ്ങളെൻ നെഞ്ചിൽ 
തിരയിലിളകി നീ
മെല്ലെയകലുമ്പോൾ
ഒരു തീരാ നോവായെൻ
നെഞ്ചോട്‌ ചേരുന്നു നീ
അകലുന്നുനീ യൊരു
പായ് വഞ്ചിയിലെങ്കിലും
അറിയുന്നു ഞാൻ
ചന്ദന ശോഭപോലെന്നെ
തഴുകുന്ന നിൻ മിഴികളെ
വീഴ്ത്താതെ നീ തൂവുന്ന
കണ്ണുനീരോ തുഴയോ
പുഴയിലെയീ കുഞ്ഞോളങ്ങൾ
കാണാം നമുക്കാ
സാഗരങ്ങൾക്കപ്പുറം
വിഷാദം കരഞ്ഞ് തീർത്ത്
മയങ്ങുന്ന കണ്ണുകൾക്ക്
കുളിരായി
അറിയാം നമുക്കന്ന്
പൊഴിഞ്ഞുപോയ
പ്രണയത്തിൻ തേനൂറും
അഭിലാഷങ്ങൾ
കരുതലായി നിൻ കൈപ്പടയിലൊരു
മുത്തമായൊരു കാലത്തെയാകെ
ഞാനെൻ നിശ്വാസത്തിലൊളിപ്പിക്കാം
ഒരുമിച്ച് തിരയാം
പിന്നിട്ട വഴികളിൽ
കുറിച്ചിട്ട വരികളെ
നമുക്കാ പൊഴിഞ്ഞുവീണ
പൂവിതളുകളിൽ
കാതങ്ങൾക്കപ്പുറം
ചെവിയോർത്തിരിക്കുന്ന
നീയാണീയക്ഷരങ്ങൾ
താഴ്വര താണ്ടിയ പൂങ്കാറ്റെ
കണ്ണിമ വെട്ടാതെയൊരുമൃദു
സംഗീതമായുണർത്തണേ
പറയണേ തിരയിലിളകി
മെല്ലെയകലുമാ തോണിയോടൊരു
കാലമാകെ കയ്യിലൊതിക്കി
കൂടണയാതലയുന്നീ
തേൻ കുടങ്ങൾതൻ മനോരാജ്യം .