ആകെ പേജ്‌കാഴ്‌ചകള്‍

ബുധനാഴ്‌ച, നവംബർ 19, 2014

നാമെന്തിനുറങ്ങണം ?

ഹ്രദയാഗാധതയുടെ
കരകാണാ
കയങ്ങളിലേക്ക്
ദിനവും
കുലം കുത്തിയൊഴുകുന്നത് 
നൂറു നൂറായിരം
നിശ്ശബ്ദതയുടേയും
അദൃശ്യതയുടേയും
പുഴകളാണ്

അലയൊലികളില്ലാതെ
മഹാ സാഗരത്തിന്റെ
അടിത്തട്ട് ലക്ഷ്യമാക്കി
അവ നിമിഷവും
പ്രകാശ വേഗത്തിൽ
സഞ്ചരിക്കുന്നു
കയർത്തും കരഞ്ഞും
ആർത്തട്ടഹസിച്ചും
കലപില കൂട്ടുന്ന
തിരമാലകളെ -അവ
പരിഹസിക്കാറുണ്ട്
നമ്മെ കുഴപ്പിക്കാൻ
അവർ മണലിൽ
ചെറു വർത്തമാനങ്ങൾ
കോറിയിടുന്നത് -
കടലാമകൾ മുട്ടയിട്ട്
മടങ്ങുന്ന വെറും വരകളെന്ന്
കരുതി നാം മായ്ച്ചുകളയുന്നു

എത്താൻ കഴിയാതെ
സൂര്യരശ്മികൾ മടങ്ങുമ്പോൾ
ആഴങ്ങളുടെ നിഗൂഢതകളിൽ
അവർ മത്സ്യ കന്യകമാരായി
ആനന്ദ നൃത്തമാടുന്നു
ആയിരം പുഴകളെ
ഉദരത്തിൽ ചുമക്കുന്ന
ഈ കറുത്ത രാത്രി -നമ്മെയെടുത്ത്
ആഴങ്ങളുടെ ഇരുണ്ട
നീലിമകളിലെത്തിക്കുമെങ്കിൽ
നാമെന്തിനുറങ്ങണം ?

ബുധനാഴ്‌ച, ഒക്‌ടോബർ 15, 2014

ഹേ മർത്യനെന്ന കീടമേ


വിശ്വ മഹാ ജീവിയെന്നഹങ്കരിക്കുന്ന മനുഷ്യർ
നാല് ചുവരുകൾക്കുള്ളിൽ ജീവിക്കുന്ന വെറും
കീടങ്ങളല്ലാതെ മറ്റെന്താണ്
ഭൂമിയും ആകാശവും സ്വന്തമാക്കി പറക്കുന്ന
പക്ഷിയേക്കാൾ എത്ര ചെറുതാണ് നമ്മൾ
അതിരുകെട്ടിത്തിരിച്ചൊരു രാജ്യമെന്ന പേരുമിട്ടതിലൊതുങ്ങുന്ന
മർത്യനെത്ര നിസ്സാരൻ -ഭൂമിയുടെ വിശാലതകൾ പോലും
അനുഭവിക്കാൻ യോഗമില്ലാത്ത വെറും മനുഷ്യനെന്ന ജീവി മാത്രമീ നാം
അവന് തോക്കുണ്ടത്രേ ! നൂരുവാരക്കപ്പുറം നീങ്ങി നിന്നാൽ
പോറലേൽപ്പിക്കാൻ പോലും കഴിയാത്ത തോക്ക് -
-വെടി കോള്ളേണ്ടവനെ കാൽച്ചുവട്ടിൽ കിട്ടിയാൽ
അവനെ കൊന്ന് കൊലവിളിച്ചിട്ടട്ടഹസിക്കുമത്രെ
അതാണ്‌ പോലും അവന്റെ ധീരത
ആ ഭീരുത്വമാണത്രേ അവനെ വിശ്വ മഹാജീവിയെന്നവൻ തന്നെ
വിളിക്കാൻ കാരണം പോലും
അവന് സർവ്വ നശീകരണത്തിന് പോന്ന ആയുധങ്ങളുണ്ടത്രേ
ഹേ മർത്യനെന്ന കീടമേ ,ചുഴലിക്കാറ്റിനെ വെടിവച്ചിടാൻ
നിന്റെ തോക്കുകൾക്ക് കഴിയുമോ ? സുനാമിയെ തകർക്കാൻ പോന്ന
ബോംബുകൾ നിർമ്മിക്കാനാകുമോ നിന്റെ കരങ്ങൾക്ക് ?
ഇരയെ കാൽചുവട്ടിൽ കിട്ടിയാൽ മാത്രം
പൊട്ടുന്ന നിന്റെ തോക്കുകളെ ,
പൊഴിഞ്ഞു വീഴുന്നൊരു തൂവലിനോളം പോലും ഭയമില്ലെനിക്ക് .
മറഞ്ഞിരുന്ന് പറന്നു ചെന്ന് നീ വർഷിക്കുന്ന ബോംബുകളെ
ഒരു കരിന്തേളിന്റെ കൊത്തിനോളം പോലും ഭയക്കുന്നില്ല ഞാൻ
നീയിവിടെയൊരു ലോകമുണ്ടാക്കി
കളിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്
ഉറുമ്പുകൾ പോലും ലോകം നിർമ്മിക്കുന്ന ഈ ഭൂമിയിൽ
നിന്റെ ലോകത്തിനെന്താണ് ഹേ ഇത്ര മഹാത്മ്യം
ഹേ കുടുസ്സ് മനമുള്ള ജീവിയാം മനുഷ്യാ
നീ കെട്ടിപ്പൊക്കുന്ന മണ്‍കൂനകൾക്ക്
ഒരു ചെറു ചലനത്തെ അതിജീവിക്കാനുള്ള ബലമുണ്ടോ
മനുഷ്യനെന്ന പെരും കള്ളാ
ഈ ഭൂമിയെ തുരന്ന് സർവ്വവും കവർന്നെടുക്കാൻ
നിനക്ക് ലജ്ജയില്ലേ -
മതിയാക്ക്‌ നിന്റെയീ നാടകം തസ്കരാ
ഇവിടെ മുളക്കുന്ന ഓരോ പുൽനാമ്പിനും
സ്വര്ഗ്ഗമാകേണ്ടയീ ഇടം മലിനമാക്കാതെ
ശേഷിയില്ലാത്ത നിന്റെ ആയുധങ്ങൾ കൂട്ടിയിട്ട് കത്തിച്ച് തീ കായ്
വിശ്വ മഹാ ജീവിയെന്നഹങ്കരിക്കുന്ന മനുഷ്യർ
നാല് ചുവരുകൾക്കുള്ളിൽ ജീവിക്കുന്ന വെറും
കീടങ്ങളല്ലാതെ മറ്റെന്താണ് ?

തിങ്കളാഴ്‌ച, ഒക്‌ടോബർ 13, 2014

വിവാഹവും പഴത്തോട്ടവും


വിശന്ന്
വലഞ്ഞ മനുഷ്യൻ
കൊതിയൂറുന്ന
മാമ്പഴങ്ങൾ കുലച്ച്
പഴുത്ത് കിടക്കുന്ന
തോട്ടത്തിലൂടെ
ഒരു മാമ്പഴം പോലും
പറിക്കാനോ
കഴിക്കാനോ കഴിയാതെ
ക്രൂരരായ തോട്ടക്കാർ
കാവൽനിൽക്കുന്ന
ആ തോട്ടത്തിൽ
തെക്ക് വടക്ക് നടക്കുകയും -
അതേ സമയം
കഴിക്കപ്പെടാനും
പറിക്കപ്പെടാനും
വെമ്പി വെമ്പി
മൂത്ത് പഴുത്ത
മാമ്പഴങ്ങൾ
ഒരു തൊടൽ
പോലുമേൽക്കാതെ
പഴുത്ത് വീണ്
നിലം പതിച്ച്
മണ്ണടിയുകയും
ചെയ്യുന്ന ആ തോട്ടത്തിൽ -
ക്രൂരനായ
തോട്ടക്കാരന്റെ
ഔദാര്യത്തിൽ
അയാൾക്ക്‌ കയ്യെത്തുന്ന
ഏതെങ്കിലും ഒരു മാങ്ങ
അയാൾക്ക്‌ തോന്നുന്ന സമയത്ത്
പറിച്ചെടുത്ത്
വിശന്ന് വലഞ്ഞ്
ചാവാറായ
ആ മനുഷ്യന് നൽകുന്ന
ക്രൂരതയാണ്
നമ്മുടെ വിവാഹങ്ങൾ.

ശനിയാഴ്‌ച, ഓഗസ്റ്റ് 09, 2014

കവിത

കവിതക്കുള്ളിൽ
മറ്റൊരു കവിതയുണ്ട്
ചാഞ്ഞു പെയ്യുന്ന മഴപോലെ
ജലത്തുള്ളികൾ വീഴ്ത്തുക
മാത്രമല്ലാതെ 
ചാഞ്ഞും ചെരിഞ്ഞും
മഴ നമ്മോട് മറ്റൊന്ന് കൂടി
പറയുന്ന പോലെ
കവിതക്കുള്ളിലെ
കവിത മറ്റൊന്ന് കൂടി
നമ്മോട് പറയുന്നുണ്ട്

മഴത്തുള്ളികളെ
നേർരേഘയിൽ വീഴ്ത്തി
കുടചൂടി മഴ നനയാതിരിക്കുന്ന
കവിക്ക്‌ പിന്നിൽ
മറ്റൊരു കവികൂടിയുണ്ട്
ചായ്ച്ചും ചെരിച്ചും
വാക്കുകളെ നിരത്തുന്ന
ശിൽപ്പിയായ മറ്റൊരു കവി -
ചായ് വിന്റെ കോണുകളിൽ
വിമോചന മന്ത്രങ്ങൾ കോറിയിടുന്ന
വിമോചകനായ മറ്റൊരു കവി
ചെരുവിന്റെ മറവിൽ
ഒളിച്ചിരുന്നു പോരടിക്കുന്ന
പോരാളിയായ മറ്റൊരു കവി
തുള്ളികളെ വഴികാട്ടി മണ്ണിലേക്ക്
പെയ്യിക്കുന്ന നേതാവായ മറ്റൊരു കവി
മരങ്ങളെ കൊണ്ട് വീണ്ടും പെയ്യിക്കുന്ന
തന്ത്രശാലിയും മന്ത്രിയുമായ മറ്റൊരു കവി
കവിതക്കുള്ളിലെ കവിതയും
കവിക്ക്‌ പിന്നിലെ കവിയുമാണ്
സത്യത്തിൽ നമ്മോട് സംസാരിക്കുന്നത് .










ചൊവ്വാഴ്ച, ജൂലൈ 22, 2014

ഓപറേഷൻ കുബേര

 

കുറി ചിട്ടിക്കാരെ വരെ നാട്ടിൽ 
പൊക്കുകയാണ് മോനെ 
ചെറിയ പലിശക്കാരെല്ലാം 
പണിനിർത്തി -റോളിംഗ് ഒന്നും 
നടക്കുന്നില്ല അത്യാവശ്യമായി
കുറച്ചു രൂപ വേണം -നാട്ടീന്ന്
അമ്മാവന്റെ വിളി ,

പോണ പോക്കിന് ഒരു ഒസ്യത്തും
തന്നാണ് ആ ചേച്ചി നാട്ടിലേക്ക് പോയത് -
കുട്ടാ ഒള്ളതെല്ലാം തീർന്നു
ഡ്യൂട്ടി ഫ്രീന്ന് ഇനിയെന്തെങ്കിലും
വാങ്ങാമെന്നുള്ള മോഹം
നടക്കില്ല - അടുത്ത മാസം
തിരിചെത്തുമ്പോ കൊച്ചിന്റെ
സ്കൂൾ ഫീസ് കൊടുക്കാനുള്ളതാ
വരുമ്പോ ഒരു കൈ വക്കണേ -

അതെ ഇനി ഒരു ചാൻസും ഇല്ലേ
നാട്ടിലെ അഡ്വാൻസ്
കൊടുത്ത പൈസ പോക്വോ ?
ലോണ്‍ ആപ്ലിക്കേഷൻ റിജക്റ്റായ
അഷറഫിന്റെ ദയനീയ മുഖം

അളിയാ അവിടെ വല്ലോം നടക്ക്വോ ?
പീനെട്ട് പറക്കീട്ടൊന്നും ഇനി കാര്യമില്ല
എന്തെങ്കിലും കാര്യമായി ചെയ്യണം
ഞാൻ അടുത്ത മാസം അങ്ങൊട്ട് വരികയാ -
ഏഴുകൊല്ലമായി യൂറോപ്പിൽ
കഴിയുന്ന സുഹൃത്തിന്റെ
ഇനിയും ആത്മവിശ്വാസം
നഷ്ട്ടപ്പെടാത്ത വാക്കുകൾ -

ഡിയർ വീണ്ടും വീണ്ടും
ഓർമ്മിപ്പിക്കേണ്ടല്ലോ
നമ്മുടെ ടീം അവരേക്കാൾ പുറകിലാണ്
തേഡ് ക്വാർട്ടറിലാണ് നമ്മൾ -ആന്വൽ
ടാർഗറ്റ് എന്താകും -കാര്യമായി
നോക്കിയില്ലെങ്കിൽ
സംഗതി കുഴപ്പമാണ് - മാനേജർ സാറിന്റെ
ആശങ്ക നിറഞ്ഞ ശാസന .

ഉരല് മദ്ദളത്തോട് പറഞ്ഞപോലെയായി
കാര്യങ്ങൾ -ഞാൻ ആരോട് പറയും ?
വസന്തം വന്നെത്തിയാൽ
ചെങ്കോലും കിരീടവും നഷ്ട്ടപ്പെട്ടേക്കാം
എന്ന ഭയത്തിൽ ദിനങ്ങൾ തള്ളിനീക്കുന്ന
രാജാക്കന്മാരോടോ _ നോ ഐഡിയ ,
ഇതൊന്നുമറിയാതെ
ആർത്തുല്ലസിച്ച് ജീവിതത്തിലേക്ക്
ആകാംക്ഷയോടെ ഉറ്റുനോക്കി
വളരുന്ന നമ്മുടെ മക്കൾ -
ഒരിക്കൽ അവരുടെ മനസ്സിലും ഉല്ലാസത്തിനെ
ഈ കളിചിരികൾ മായും -
എല്ലാ മോഹ ഭംഗങ്ങൾക്കും
ഒരേ നിറം ഒരേ ഭാവം -

പക്ഷെ ജീവന് വേണ്ടി
പാലായനം ചെയ്യുന്ന പശ്ചിമേഷ്യൻ
ജനതയുടെ ദുഖത്തിന് മുന്നിൽ -ഇതൊക്കെ എന്ത് ?
ജീവന് വേണ്ടി നിലവിളിക്കുന്നവർക്കിടയിൽ
നാം മെച്ചപ്പെട്ട ജീവിതം അന്വേഷിക്കുന്നു ,
വിരോധാഭാസമെന്നല്ലാതെ എന്ത് പറയാൻ
ഈ ലോകത്തിന്റെ നിറം
മറ്റൊന്നായിരുന്നെങ്കിൽ എന്നാശിച്ച് പോകുന്നു .

ഓപറേഷൻ കുബേരയിൽ നിന്നും
പാവം കുറി ചിട്ടിക്കാരേം
അത്യാവശ്യ വായ്പ സൗകര്യം നൽകുന്ന
ചെറിയ പലിശക്കാരെയും
ഒഴിവാക്കണേ ചെന്നിത്തല സാറേ _
കൊള്ളപ്പലിശക്കാരായ ഭീമൻ സ്വർണ്ണ പണയ
മുതലാളിമാരുടെ ഓഫീസിൽ കേറാൻ പേടിക്കല്ലേ പോലീസേ .

സ്നേഹമുണ്ട് സഹോദരങ്ങളെ
എല്ലാവരോടും സ്നേഹമുണ്ട് .

നന്ദി 

ശനിയാഴ്‌ച, ജൂൺ 07, 2014

വിളക്കേ ...

അണയ്ക്കാത്ത 
വിളക്കുകളിലെ 
നീളുന്ന രശ്മികൾ 
പറയാത്ത വാക്കുകളുടെ 
നിലയ്ക്കാത്ത 
പ്രയാണങ്ങളാണ്

ഇരുട്ട് കവർന്നെടുത്ത
പ്രഭാ വർണ്ണങ്ങൾ
നിറം മങ്ങി
അരികിലെത്തുമ്പോൾ
ഒളിച്ചുവച്ച തിരികൾ
പൂക്കളായി വിരിയുന്നു

പൂത്തിരിപോൽ
വിരിഞ്ഞ്കത്തിയ
ദീപനാളങ്ങൾ
എരിഞ്ഞ് വീണ്
മണ്‍തരികളിൽ ബാക്കിയാക്കിയ
ചെറു ശോഭകൾ -
നിന്നിലുണർത്തുന്നത്
വ്യസനമോ മോഹഭംഗങ്ങളോ

ഓ വെളിച്ചമേ ഒരു കരിന്തിരിയിൽ
നീ നിന്നെ കാത്തു വച്ചതിതെത്രനാൾ

ഇരുട്ടിൽ അണയാതെരിയുന്ന
ദീപനാളങ്ങൾ ഇനിയും
തേടി നടക്കുന്നതെന്നെയോ

അണയ്ക്കാത്ത
വിളക്കുകളിലെ
നീളുന്ന രശ്മികൾ
പറയാത്ത വാക്കുകളുടെ
നിലയ്ക്കാത്ത
പ്രയാണങ്ങളാണ്

എങ്കിലും

നിൻ പ്രഭയേറ്റ്
മയങ്ങിവീണ് മരിച്ചുപോയ
ചെറു പ്രാണികളോടൊപ്പം
ഞാനിന്നുമുറക്കത്തിലാണ് 
വിളക്കേ ...


 

വെള്ളിയാഴ്‌ച, ജൂൺ 06, 2014

നിങ്ങൾ നട്ട മരമേത്

നിങ്ങൾ നട്ട 
മരമേത് മക്കളെ 
വരുംകാല 
വറുതി തടയാൻ 
നിങ്ങൾ 
പ്ലാവുകൾ നട്ടോ
മാവുകൾ നട്ടോ
പേരകൾ നട്ടോ
തെങ്ങുകൾ നട്ടോ

മരം
നടാനൊരു ദിനം
വേണമെന്നായി
എന്നിട്ടും ഈ മരങ്ങൾ
നട്ടിട്ടില്ലെങ്കിൽ
പിന്നെ നിങ്ങൾ
നട്ടതെന്ത്
തണൽ
മരങ്ങളോ
പൂ മരങ്ങളോ
സുന്ദര മരങ്ങളോ ?

നമുക്കെന്തിന്
പൂമരങ്ങൾ
തണലും ഭക്ഷണവും
ഒരു മരം തരുമെങ്കിൽ
തണലിന് മാത്രമായി
എന്തിനൊരു മരം

പ്ലാവുകളുള്ള
ആദിവാസി ഊരുകളിൽ
പട്ടിണി മരണങ്ങളുണ്ടാകുമോ

പട്ടിണിയെ തടുക്കാൻ
നാടിന് ചുറ്റും പ്ലാവുകൾ കൊണ്ട്
മതിലുകെട്ടാൻ നാം എന്ന് പഠിക്കും ?

നിങ്ങൾ നട്ട
മരമേത് മക്കളെ ..............

വെള്ളിയാഴ്‌ച, മേയ് 09, 2014

കമ്പുകൾ


അടർത്തി മാറ്റിയിട്ടും
അടരാതെ
കമ്പുകൾ പിന്നെയും 
പൂക്കളോട് ചേർന്നൊന്നാകുകയല്ലയോ 
ഈ ജീവിതമാകെ 
കൂമ്പിട്ടനാൾ മുതൽ 
തുടങ്ങിയതല്ലോ ഏറി വരുമീ
മധുര പ്രണയം ,ഓരോ ലയനവും
മിഴിവേകി മധുരമേകി
പ്രണയിച്ചതല്ലാതെ തെല്ലുമേ
പറഞ്ഞില്ല പരിഭവം
ശലഭങ്ങളെത്ര പാറിവന്നൂ
നുകർന്ന് പറന്നവ പിന്നെയും
പാറി വരുന്നോരിടവേളകളിൽ
ഈ കമ്പുകൾ നമുക്കെത്ര
മധുരമേകീ ,നിറം മങ്ങുന്നതിനു മുന്നേ
സുഗന്ധം വിരുന്നായി മാറിയ
നിലാവുകളിലും -നമ്മെ വാരിപ്പുണർന്നതീ
മധുരമേറും തണ്ടുകൾ തന്നെയല്ലയോ ,
പരിഭവങ്ങളേതുമില്ലാതെ നീ
വാരിച്ചൊരിഞ്ഞോരമൃതിന്
കണക്കുകളുണ്ടോ ? അവസാന
ദളവും പൊഴിയുന്നതു വരെ
പ്രണയമേകി നമ്മെ തലോടിയുറക്കാൻ
വസന്തങ്ങൾക്കായി നമ്മെ
കാത്തിരിക്കാനനുവദിക്കാതെ
ദിനവും നമുക്ക് വേണ്ടി
പുഷ്പിക്കുന്നതീ
കമ്പുകൾ തന്നെയല്ലെയോ _ എന്നാദ്യ
വേളിയാം മുള്ള് നിറഞ്ഞൊരീ
തണ്ടേ ,നീ തന്നെയാണെൻ പ്രണയിനി
തിമർതുല്ലസിക്കുന്നൊരെൻ
ഹൃദയ താളത്തെ നേർത്തൊരു
തലോടലാൽ തഴികിയുറക്കുമെൻ
പ്രിയ തോഴാ മറക്കില്ലൊരിക്കലും
നീ തന്ന മധുരങ്ങളെന്നവസാന
ശ്വാസം വരെ ,

വെള്ളിയാഴ്‌ച, ഏപ്രിൽ 18, 2014

കൊടി

ഒരു കൊടിയുടെ
പണമുണ്ടെങ്കിൽ
ഒരു നേരം കഞ്ഞി കുടിക്കാം
ഒരു ഫ്ളെക്സിന്റെ
പണമുണ്ടെങ്കിൽ
ഒരു ദിവസം കഴിച്ചു കൂട്ടാം
ഒരു പത്രപ്പരസ്യത്തിന്റെ
പണമുണ്ടെങ്കിൽ
ഒരു മാസം കഴിച്ചു കൂട്ടാം
ഒരു റാലിയുടെ
പണമുണ്ടെങ്കിൽ
ഒരു കൊല്ലം ജീവിക്കാം
എത്ര എത്ര കൊടികൾ
എത്ര എത്ര ഫ്ളെക്സുകൾ
എത്ര എത്ര പരസ്യങ്ങൾ
എത്ര എത്ര റാലികൾ
എത്ര കോടി
ജനങ്ങളുടെ
എത്ര കൊല്ലത്തെ
ജീവിതമാണ്
ചവുട്ടി അരക്കപ്പെട്ട
കൊടികളിലും
ഫ്ളെക്സുകളിലും
പത്ര താളുകളിലും
ഉണ്ടായിരുന്നതെന്നറിയാതെ
ജനസേവനത്തിനായി
പരക്കം പായുകയാണ്
പാർട്ടി കമ്പനികൾ .

വ്യാഴാഴ്‌ച, ഏപ്രിൽ 03, 2014

അവരെല്ലാം എന്റെ മക്കൾ

സുനാമിയുടെ കുത്തൊഴുക്കിൽ
നിങ്ങളുടെ മക്കൾ കയ്യിൽ നിന്നും
പിടിവിട്ട് മരണത്തിലേക്ക്
ഒഴുകിപ്പോയിട്ടുണ്ടോ
...
നമ്മൾ എത്ര ലാളിച്ചാലും
മതിവരാത്ത സ്വന്തം മക്കളെ
കാണാതായി
അവർ ഭിക്ഷക്കാരും
ചുവന്ന തെരുവിലെ വേശ്യകളും ആയിട്ടുണ്ടോ

എത്ര വാരി ക്കൊടുത്താലും
കഴിക്കാതെ കഥ പറഞ്ഞ്
നിങ്ങൾ കഴിപ്പിക്കുന്ന
നിങ്ങടെ കുട്ടികൾ
ഒരിറ്റ് ഭക്ഷണത്തിന് വേണ്ടി
റോഡിലൂടെ തെണ്ടി നടക്കുന്നത്
നിങ്ങൾ കണ്ടിട്ടുണ്ടോ

വെടിയേറ്റും ബോംബു പൊട്ടിയും
നിങ്ങടെ പിഞ്ചു മക്കൾ കണ്മുന്നിൽ
മരിച്ചു വീണിട്ടുണ്ടോ
അപ്പോഴും അവർ കരയുന്നത്
കയ്യിൽ നിന്നും തെറിച്ചു പോയ
പാവയെ ചൂണ്ടിയായിരുന്നു
എന്ന് കാണുമ്പോൾ
നിങ്ങടെ ഹൃദയം തകരാറുണ്ടോ

ക്യാൻസർ പിടിച്ച് ഓരോ ദിവസവും
ചിരിച്ചു കൊണ്ട് നിങ്ങടെ മക്കൾ
മരണത്തിലേക്ക് അകന്നകന്ന്
പോകുന്നത് നിങ്ങൾ കണ്ടു നിൽക്കാറുണ്ടോ ?

സുനാമിയിൽ കുട്ടികൾ ഒഴുകിപ്പോകുമ്പോൾ
ഓരോ അമ്മക്കും അവരുടെ മക്കളെ നഷ്ടപ്പെടുമ്പോൾ
ഓരോ കുട്ടിയും അനാഥരാകുമ്പോൾ
യുദ്ധം ഓരോ കുട്ടിയെ കൊല്ലുമ്പോൾ
മാറാ രോഗികളായി ഓരോ കുട്ടി ജനിക്കുമ്പോൾ
അതെല്ലാം

എന്റെ സ്വന്തം മക്കളാണെന്ന
പോലെ അത്ര ആഴത്തിൽ
ഞാനാ വേദന അനുഭവിക്കുന്നു .

വ്യാഴാഴ്‌ച, മാർച്ച് 13, 2014

(പ്രണയം )



ഒരു 
നോക്കും 
വാക്കും 
തൊടലും 
തലോടലും 

പിന്നെ 

മൌനങ്ങളും
കാത്തിരിപ്പും
കത്തെഴുത്തും
പിണക്കങ്ങളും
നിശ്വാസങ്ങളും

അവസാനം

ഒരു ചുംബനമോ
വാരിപ്പുണരലോ
വിഹാഹമോ
വേർപിരിയലോ
വിരഹമോ

ഇതൊക്കെ
ഒരുകാലത്ത്-
മലയാളിയുടെ
പ്രണയത്തിൽ
അവന്റെ
ജീവിതഗതി തന്നെ
മാറ്റിമറിക്കാൻ പോന്ന
തീവ്ര വികാരങ്ങൾ
ആയിമാറിയത്‌ -
അവനനുഭവിച്ച
ലൈംഗീഗ ദാരിദ്ര്യം
കൊണ്ടായിരുന്നില്ലേ ?

സദാചാര സമൂഹം
നമ്മിൽനിന്നും
തട്ടിയെടുത്ത
ലഭിക്കാതെപോയ
സെക്സിന്റെ
വെറും തൃപ്തിയടയലുകൾ
മാത്രമായിരുന്നില്ലേ
നമ്മൾ ആ നിശ്വാസങ്ങളിൽ
കണ്ടെത്തിയ പ്രണയം ,

സ്വതന്ത്ര ലൈംഗീഗത
ലഭിക്കുന്ന ഒരു സമൂഹത്തിൽ
മേൽപറഞ്ഞ
ചെറു നിശ്വാസങ്ങളിൽ
ആര് പ്രണയത്തെ കാണുന്നു ?

ഇന്നും നാം,
ലൈംഗീഗ ദാരിദ്ര്യം
അനുഭവിച്ച് മരിച്ചവരുടെ -
സെക്സിനായുള്ള ദാഹത്തിൽ -
യാജിച്ചിട്ട് പോലും
അവർക്ക് ലഭിക്കാതെ പോയ
സെക്സിന്റെ -
എഴുതി ശമിപ്പിക്കലുകളായിരുന്ന
സാഹിത്യത്തിന്റെ
പിടിയിൽ നിന്നും -
മോചിതരായിട്ടുണ്ടോ ?

നമുക്ക് ,
സ്വതന്ത്രമായി
സെക്സ് ലഭിച്ച
ഒരെഴുത്തുകാരന്റെ
രചനയുണ്ടോ ?

സമൂഹം ചങ്ങലക്കിട്ട
ഒരു ജനതയുടെ
സെക്സിനായുള്ള
യാജനകളായിരുന്നില്ലേ
നമുക്കെന്നും പ്രണയം .

ഇത്രയധികം
പ്രണയ കഥകൾഎഴുതപ്പെട്ട
മറ്റൊരു സമൂഹം ഈ ലോകത്തുണ്ടാകുമോ ,

മലയാളി എന്നെങ്കിലും പ്രണയിച്ചിരുന്നോ ?

തിങ്കളാഴ്‌ച, മാർച്ച് 10, 2014

പണമേ

പണമേ 
നീയെനിക്കൊരിരയല്ല ,
എന്റെ മുന്നിലെത്ര നീ 
തുണിയുരിഞ്ഞാടിയാലും 
ഞാനിളകില്ല, 
നിന്നെ പ്രാപിക്കുന്നവന്
മുന്നിലീലോകം
ഓച്ചാനിച്ച് നിലക്കുമെന്ന
പ്രലോഭനത്തിനെന്നെ
വീഴ്ത്താൻ കഴിയില്ല ,
ആരോ വാരിപ്പൂശിയ
നിറമുള്ള നിന്റെ
മേനിയിലെന്റെ
കരങ്ങൾ പതിയില്ല ,
നീയില്ലാത്ത
ലോകമാണെന്റെ സ്വപ്നം -
നിനക്ക് മടങ്ങാം .