ആകെ പേജ്‌കാഴ്‌ചകള്‍

ബുധനാഴ്‌ച, നവംബർ 11, 2015

ജാരൻ


ജാര വിരുന്നുകൾ മനോഹരമാണ് 
ഓരോ അണുവിലും ലഹരി പകരുന്നവ
ഓരോ കാഴ്ചയും ഉന്മത്തമാണവിടെ
പുതുമ പെയ്തിറങ്ങുന്ന നിമിഷങ്ങൾ
എന്നും നമുക്കോരോ ജാര വിരുന്നുകൾ
തരപ്പെട്ടിരുന്നെങ്കിൽ ,ഈ ജീവിതമാകെ
പൂത്ത് വിരിയുന്നത് കാണാമായിരുന്നു
ജാര വിരുന്നിലേക്കുള്ള ഓരോ
കാലടിയിലും സ്വർഗ്ഗീയാനുഭൂതി
കുടികൊള്ളുന്നു ,നടത്തയുടെ താളമാകെ
മാറുന്നു ,മനസ്സിലൊരു മാനത്തോളം
മോഹങ്ങൾ ഉരുണ്ട് കൂടുന്നു ,ശരിക്കും
നാം ആൾക്കൂട്ടത്തിൽ തനിയെയാകുന്നു
ഒരു മുടിനാരും മുഷിഞ്ഞ തുണിപോലും
ജാര വിരുന്നിൽ ലഹരിനിറച്ച
തേൻകുടങ്ങളായി മാറുന്നു ,
ആലിംഗനങ്ങൾക്ക് ആകാശങ്ങളെ
സ്വന്തമാക്കുന്ന അനുഭൂതി -അവാച്യമായ
നിർവൃതിയുടെ ആഴങ്ങളിൽ
അർഥശൂന്യമായ ജീവിതത്തിലേക്കിനിയൊരു
മടങ്ങിവരവില്ലെന്ന് നാം മന്ത്രിക്കും ,
ഹോ ഓരോ കാഴ്ചയും കണ്ണുകളിലല്ല
സിരകളിലാണ് പതിയുന്നത് ,നുരയുന്ന
വീഞ്ഞിനെ നുകരുന്ന നാവുകൾ
ഒരുലോകത്തെയാകെ വിഴുങ്ങുകയാണവിടെ
ഒരു നോട്ടത്തിൽ മിന്നിമറിയുന്നത്
മഴവില്ലുകളാണ് ,താളത്തിൽ മിടിക്കുന്ന
ഹൃദയങ്ങൾ പുണരാൻ പെരുമ്പറ
കൊട്ടുകയാണാ വിരുന്നിൽ
കണ്ടു മടുത്ത കാഴ്ച്ചകളിലൊക്കെയും
പുറത്ത് ചാടാൻ വെമ്പിനിൽക്കുന്ന
സൗന്ദര്യം തുളുമ്പി നിറയുന്നു
ജാര വിരുന്നുകളുടെ മാത്രം
ലഹരിയാണിവ -
ഏറ്റവും തീഷ്ണമായ കവിത
ഉടലുകൾ ഉരുക്കിയ വാക്കുകളായി
ഇഴചേർന്ന് കവിത വിരിയിക്കുന്ന
അനിർവചനീയാനുഭൂതി -ജാര വിരുന്നുകൾ
മനോഹരമാണ് -ഭയം സിരകളിൽ
ഉന്മാദവുമായി കലർന്ന് നുരയുന്ന
ലഹരിയായി മാറുന്ന മായാജാലം
ഹൃദയങ്ങളിലാണ് രതിമൂർച്ച
ശരീരമൊരു നിമിത്തം മാത്രം
ഏറ്റവും മൃദുലം ഹൃദയത്തിലെ
പ്രണയാവരണങ്ങളാണ് നിറഞ്ഞ
നിതംബങ്ങളല്ല -ജാര വിരുന്നുകളുടെ
മാത്രം ലഹരിയാണവ -
ജാരവിരുന്നുകൾ മനോഹരമാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ