ആകെ പേജ്‌കാഴ്‌ചകള്‍

ഞായറാഴ്‌ച, നവംബർ 22, 2015

കവിത

നിർത്തുക, നിന്റെയീ നാട്യങ്ങൾ കവിതേ 
ഇനിയേത് തലങ്ങളെ സ്പർശിക്കാൻ 
ശേഷിയുണ്ട് നിനക്ക് ,ഇനിയേത് കണ്ണുകളെ 
ഈറനണിയിക്കാൻ നനവുണ്ട് നിന്റെ നാവുകൾക്ക് 
ജീവനില്ലാത്ത വാക്കുകളും ചുമന്ന് നീ 
ഇനിയെത്ര ദൂരം നടക്കും ,ഊർദ്ദ ശ്വാസം വലിക്കുന്ന 
നിന്റെ കിതപ്പും നിശ്വാസവും 
ഞാനറിയുന്നു ,ചൂടാറിയ  നിന്റെ നിശ്വാസത്താൽ 
ഇനിയാരെ നീ ഉന്മത്തയാക്കും , നിന്റെ ബഹുവർണ്ണ 
ഉടയാടകൾ അഴിഞ്ഞ് വീണലംകൃതയായ 
ഇടവഴികൾ നീ വിവസ്ത്രയെന്നോതുന്നത് 
കേൾക്കുന്നില്ലേ ,നിന്റെയരഞ്ഞാണത്തിൽ തൂങ്ങിയാടുന്ന 
അവാസനത്തെയാ  തുരുമ്പിച്ച രണ്ട് മണികളോ 
നിന്റെ  കനകച്ചിലങ്കൾ ,ഇനിയേത് ബാല്യങ്ങൾക്ക്‌ 
കൂട്ടാണ് നീ ? ഇനിയേത് യുവത്വത്തിൻ ഹരമാണ് നീ ?
നിന്റെ കന്യാചർമ്മം തകർത്തതിൻ ചോരയിലീ 
ലോകമാകെ ഒഴുകവേ ,ആരുണ്ട്‌ നിനക്കൊരു 
ചരമഗീതമെങ്കിലും പാടാനിനിയിവിടെ ?
ആശയറ്റകലുന്ന ബാല്യത്തിനോ ,അവസാന വംശത്തിന്റെ ബീജവുമായി കിതയ്ക്കുന്ന പറവകൾക്കോ ,സാന്ത്വനമായൊരു 
മാമ്പഴം ഇനിയെന്ന് പൊഴിക്കും നീ ?
വിഷക്കാറ്റേറ്റ് കരിഞ്ഞ മാംസം  
ബാക്കിവച്ച എല്ലിൻ കൂടുമായലയുന്ന 
ഞങ്ങൾക്ക് മുന്നിൽ ,ഇനിയും എന്തിനു വൃദ്ധനായ  നീ 
മോഹിപ്പിക്കുന്ന പുരുഷവേഷം കെട്ടി നിൽക്കണം ?
നിർത്തുക, നിന്റെയീ നാട്യങ്ങൾ കവിതേ...
ഈ പണിയുന്നതൊക്കെയും നിന്റെ പട്ടടകളാണ്
ഈ മുഴങ്ങുന്നതൊക്കെയും നിലംപൊത്തുന്ന 
മാവിൻ തൈകളാണ് ,ഞങ്ങളിവിടെ തീർക്കുകയാണ് 
നിന്റെ അന്ത്യ യാത്ര ,കരയരുത് നീ നിന്റെ ചുണ്ടുകൾ 
തുന്നിക്കെട്ടിയിട്ടുണ്ട് ഞങ്ങൾ ,അനങ്ങരുത് നീ  നിന്റെ 
കൈകാലുകൾ കൂട്ടി കെട്ടിയിട്ടുണ്ട് ഞങ്ങൾ  ,
ചിന്തിക്കരുത് നീ നിന്റെ ഹൃദയം പറിച്ചെടുത്തിട്ടുണ്ട് 
ഞങ്ങൾ ,ചോദിക്കുന്നില്ല നിന്റെ അവസാനത്തെ ആഗ്രഹം - നീയൊരതിമോഹിയാണെന്നറിയാം..
സ്വീകരിക്കുക ഞങ്ങളുടെയീ ഔദാര്യം - 
നിന്റെ പൂത്തുലഞ്ഞ  യവ്വനത്തിൽ നീ പകർന്നാടിയ 
നിന്റെ നിറങ്ങൾ കൊത്തിവച്ചൊരു റീത്ത്,നിനക്കായി . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ