ആകെ പേജ്‌കാഴ്‌ചകള്‍

വ്യാഴാഴ്‌ച, നവംബർ 08, 2012

പൂക്കള്‍


ചിതറിയ മഴത്തുള്ളികളില്‍ 
പൂക്കള്‍  വിരിയിച്ച വെയില്‍ -
പുല്‍നാമ്പില്‍
കോര്‍ത്തെടുക്കാന്‍ കഴിയാത്ത  
മുത്തുകളുണ്ടാക്കി    
സന്ധ്യക്ക് പിന്നില്‍
മറഞ്ഞിരുന്ന്   പുഞ്ചിരിച്ചു .
 
 
പൂക്കളുടെ നൊമ്പരങ്ങള്‍ -
ആരും കാണാതെ
ചുരുളുകളില്‍  ഒളിപ്പിച്ച്,
പറന്നു നീങ്ങിയ മേഘങ്ങള്‍
ഇടയ്ക്കിടയ്ക്ക്
സ്വന്തം മഴ ക്കൈകള്‍ നീട്ടി  
ആ പൂക്കളെ തലോടി ക്കൊണ്ടിരുന്നു .
 
സ്മശാനങ്ങളിലേക്ക്  
ആഴ്ന്നിറങ്ങിയ വേരുകളോട്   
അവര്‍ പങ്കുവച്ച സുഖ  ദുഃഖങ്ങള്‍
ആ പൂക്കളുടെ  വര്‍ണ്ണങ്ങളായി മാറി ,
ഇളകിയാടിയും  പൊഴിഞ്ഞു വീണും
ആ വര്‍ണ്ണങ്ങള്‍ പകലിന്‍റെ കണ്ണുനീര്‍ തുടച്ചു .
 
 
തേന്‍ തുള്ളികള്‍ പകുത്തെടുത്ത്
പറന്നു പോയ ശലഭങ്ങള്‍
ആകാശങ്ങളില്‍ ആയിരം ചെടികള്‍ നട്ടു.
അതില്‍  വിരിഞ്ഞ പൂക്കളുടെ
നിറങ്ങള്‍ കടമെടുത്ത് -
നിലാവ് മുറ്റത്തേക്കിറങ്ങി വന്നു .
 
കണ്ണടച്ചുറങ്ങാന്‍ നേരമായി
സന്ധ്യയില്‍ ചാലിച്ചണിഞ്ഞ
ചന്ദനക്കുറി മായ്ച്ചു ,
മഴനൂലില്‍ കോര്‍ത്തെടുത്ത 
ഉടയാടകള്‍ അഴിച്ചു മാറ്റി  ,
മഞ്ഞില്‍  കോറിയിട്ട അക്ഷരങ്ങള്‍ മാഞ്ഞു  ,
നിറങ്ങള്‍ വാരിത്തേച്ച  മുഖം  കഴുകി  മിനുക്കി  .
 
ചിതറിയ മഴത്തുള്ളികളില്‍
പൂക്കള്‍ വിരിയിക്കാന്‍  വെയില്‍ വരാറായി ,
കണ്ണടച്ചുറങ്ങാന്‍ നേരമായി.....
 
 
 ഷിയാസ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ