ആകെ പേജ്‌കാഴ്‌ചകള്‍

വെള്ളിയാഴ്‌ച, ജൂലൈ 20, 2012

ചഷകത്തിലെ തലച്ചോറ്


എഴുതണമെന്ന സമ്മര്‍ദം
താങ്ങാല്‍ കഴിയാതെ
കവിതയുടെ യജമാനനായ
കവി എന്ന ഞാന്‍
തൂമ്പയുമെടുത്ത് ഇറങ്ങി ,
പിറക്കാത്ത കവിതകള്‍ക്കായി
എന്റെ തലച്ചോറ് കുഴിക്കാന്‍  .

ആഴത്തില്‍ കുഴിക്കുന്ന 
തൂമ്പയുടെ പ്രഹരമേറ്റ് 
പിടയുന്ന കവിതയുടെ
ചെറു മൊട്ടുകളെ
തള്ളി മാറ്റി ഞാന്‍
വീണ്ടും വീണ്ടും കുഴിച്ചു .

എവിടെ ഞാന്‍ അന്വേഷിക്കുന്ന
ആ മഹാ കാവ്യങ്ങള്‍ ,
എന്റെ ആഖ്രോഷം കേട്ട്
പാതി ജീവനില്‍ പിടയുന്ന
ആ ചെറു മൊട്ടുകള്‍
ഭയത്തോടെ പറഞ്ഞു ,
അല്ല അത് ഞങ്ങളല്ല .
അവര്‍ അവിടെയാണ്.....
ആഴങ്ങളില്‍ ..... ഇനിയും
ഇനിയും...ആഴങ്ങളില്‍ ....
യജമാനന്റെ മസ്തിഷ്കത്തിന്റെ
അടിത്തട്ടില്‍ .

അത് കേട്ട ഞാന്‍
വീണ്ടും വീണ്ടും ആഴത്തില്‍ കുഴിച്ചു,
മസ്തിഷ്ക്കത്തില്‍  പതിയുന്ന
തൂമ്പയുടെ  മൂര്‍ച്ച  ഇനിയും
താങ്ങാന്‍ കഴിയാതെ
വിടരാന്‍  മടിച്ച്  
തന്നിലേക്ക് തന്നെ
ചുരുണ്ട് കൂടി ഒളിച്ചിരുന്ന
ആ വിശ്വ മഹാ കാവ്യങ്ങള്‍
എന്നെ നോക്കി ചോദിച്ചു  ,

മാവിന്‍ തൈകളില്ലാത്ത
വീട്ടുമുറ്റത്ത്‌ ഞങ്ങള്‍
എങ്ങനെ മാമ്പഴമായി
പൊഴിഞ്ഞു വീഴും ?
മലയന്‍റെ കുടിലില്‍ ചിതറി വീണ
കണ്ണുനീര് കാണാതെ വെട്ടിയ ,
തമ്പ്രാന്‍റെ  പിന്നിലെ
ചെറുമന്‍റെ  തോളിലേറിയ
വാഴക്കുലയാകാന്‍ 
ഞങ്ങള്‍ക്കിന്നു കഴിയുമോ ? .

എന്നേ മരിച്ചുപോയ ഭൂമിക്ക്
ഒരു ചരമഗീതമെഴുതാന്‍
ഇനി ഞങ്ങള്‍ വരേണ്ടതുണ്ടോ ?
ഇലഞ്ഞിപ്പൂവില്‍ കോര്‍ത്ത
ഞങ്ങളുടെ പ്രണയ മാല്യങ്ങള്‍  ,
കമ്പിയില്‍ കോര്‍ത്ത്‌ ചുട്ടെടുത്ത
മാംസാനുരാഗ ഭോജികള്‍  
വലിച്ചെറിഞ്ഞു പൊട്ടിച്ചിരിക്കും ..

ഇല്ല യജമാനനെ ...
ഞങ്ങള്‍ക്ക് വിടരാന്‍ കഴിയില്ല ,
തലമുറകള്‍ ഏറ്റു പാടാതെ ഞങ്ങള്‍
അകാലത്തില്‍ മരിച്ച്   പോകും  .
വിരല്‍ തുമ്പിലും
മാറി മറിയുന്ന  അക്കങ്ങളിലും
കണ്ണും നട്ടു ജീവിക്കുന്ന
മനുഷ്യരുടെ ലോകത്തേക്ക് ഞങ്ങളില്ല.

ഇത് കേട്ട് വിഷണ്ണനായ   കവി
കാവ്യ ചിന്തയുടെ ഭാണ്ടക്കെട്ടുകള്‍
കഴുകി വെളുപ്പിച്ച്
നടന്നകന്നു ....
.............. 
ഷിയാസ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ