ആകെ പേജ്‌കാഴ്‌ചകള്‍

ബുധനാഴ്‌ച, ഫെബ്രുവരി 06, 2013

മാഞ്ഞു പോകുന്നവര്‍



ഹൃദയം നുറുങ്ങുന്ന വേദനയിലും
അവര്‍  പഠിക്കാന്‍ ശ്രമിച്ചു
ജനിച്ചാല്‍ മരിക്കണമെന്ന പാഠം.

മരണം വിതച്ചു പോകുന്നത്
കൊയ്തെടുക്കാന്‍ കഴിയാത്ത
നൊമ്പരങ്ങള്‍ മാത്രം .

മനസ്സില്‍ ഉദരത്തില്‍
രക്തത്തില്‍ ഞരമ്പുകളില്‍ എല്ലാം
മരണം വിതച്ച വേദനയുടെ
വിത്തുകള്‍ - കുഴിമാടത്തില്‍ നിന്ന്
പിരിയും മുന്‍പേ  വളര്‍ച്ച തുടങ്ങും  .

കളിചിരികള്‍ക്കിടയില്‍
ഒരാളെ പെട്ടന്ന് അപ്രത്യക്ഷനാക്കുന്ന  
മായാജാലക്കാരനായ   മരണം -
മാഞ്ഞുപോകാന്‍ ഇഷ്ടമില്ലാത്തവരെ
തട്ടിയെടുക്കുന്നു .

ദുഖത്തിന്റെ പുതിയ കണ്ണുനീര്‍
ചാലില്‍  നൊമ്പരങ്ങളുടെ   രാപ്പകലുകള്‍
മാഞ്ഞു പോയവരെ പരതി നടക്കും .

മഴയായി
നിലാവായി
നക്ഷത്രമായി
അവര്‍ നമ്മുടെ
കരള്‍ കൊത്തി
വലിക്കുമ്പോഴും
വീണ്ടും ആ പാഠം പഠിക്കാന്‍
പാടുപെടുകയായിരുന്നു
മാഞ്ഞു പോയവര്‍ മടങ്ങി  
വരില്ലെന്ന പാഠം .

ഷിയാസ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ