ആകെ പേജ്‌കാഴ്‌ചകള്‍

വെള്ളിയാഴ്‌ച, ഫെബ്രുവരി 19, 2016

പൂവിന്റെ മരണം

പൊഴിയുന്ന ഇതളുകൾ
പൂവിന്റെ മരണമാണെന്നറിയാതെ
ഇതൾ പൊഴിക്കുന്ന പൂവേ
മണ്ണിന്നടിയിൽ വേരുകൾ 
പായിച്ച് ദാഹജലം കണ്ടെത്തി
ജീവൻ നിലനിർത്തി പ്പോരുന്ന
തണ്ടിന്റെ പ്രയത്നമറിയാതെ
എത്ര ലാഘവത്തോടെയാണ് നീ
ഇതളുകൾ പൊഴിക്കുന്നത്
വെയിലേറ്റ് വാടി തളർന്നിട്ടും
പിന്മാറാതെ ചൂടിനെ പാചകം
ചെയ്തെടുത്ത് ചെടിയുടെ
വിശപ്പകറ്റുന്ന ഇലയുടെ
നൊമ്പരമറിയാതെ
എത്ര ലാഘവത്തോടെയാണ് നീ
ഇതളുകൾ പൊഴിക്കുന്നത്
പുതിയ ലോകത്തേക്ക്
കൊതിയോടെ പിറന്ന് വീണ്
കാഴ്ചകൾ കാണാൻ കണ്ണ്
തുറക്കുന്ന മൊട്ടുകൾക്ക് മുന്നിൽ
എത്ര ലാഘവത്തോടെയാണ് നീ
ഇതളുകൾ പൊഴിച്ച് മരണത്തെ
വരിക്കാനൊരുങ്ങുന്നത്
കാലം നേടിയെടുത്ത
വസന്തം സമ്മാനിച്ച
നിറങ്ങളണിഞ്ഞ് നീയൊരു
മനോഹരിയായി
ചെടിത്തണ്ടിൽ ഒട്ടിച്ചേർന്ന്
തിളങ്ങിയ കാലത്തോടുള്ള
നിന്റെ നൈതീക ബാദ്ധ്യതകൾ
മറന്നെത്ര ലാഘവത്തോടെയാണ്
നീ ഇതളുകൾ പൊഴിക്കുന്നത്
പൂവുകൾ
പൊഴിഞ്ഞുപോയാൽ
ഇലകൾ വാടിക്കരിഞ്ഞ്
വേരുകൾ പണിമുടക്കി
തണ്ടുകൾ ഒടിഞ്ഞ് വീണീ
ചെടിയും മരിക്കുമെന്നാണോ
നിന്റെ വിചാരം
ഇനിയും പുതിയ
ഋതുക്കളുമായി
കാലം കടന്ന് വരും
ഇനിയും വസന്തം വരും
ഇനിയുമെൻ ഇരുട്ടിൽ
താരാട്ടാകാൻ ഒരു നൂറു
രാപ്പാടികൾ വരും
ഇനിയുമെൻ മധുരം നുകരാൻ
ഒരു നൂറു ശലഭങ്ങൾ വരും
ഇനിയും കരുതലായി
കാവലായി ഒരു നൂറു ബാല്യങ്ങൾ
പൂ പറിക്കാനോടിയെത്തും
ഇനിയുമൊരു നൂറു
ഹാരങ്ങളിലെൻ
പൂക്കൾ മധുരമൂറും
ജീവിതം നിറയ്ക്കും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ