സിരകളിലാകെയും പടർന്ന്
കയറുന്ന മരവിപ്പിക്കുന്ന മടുപ്പ്
ഇതൊരു കിളിയുടെ ശവമല്ല
ജടായു - മരണത്തിലും ഭയക്കേണ്ട
ഭീമൻ ജടായു - കൊത്തിവലിച്ച്
തിന്നാൻ വ്യാമോഹിച്ചൊരു
പരുന്തും ഈ വഴി പറക്കണ്ട
ഭീമൻ ശരീരത്തിന്റെ
ഒടുക്കത്തെ ഭാരവും പേറി
പറന്നവശനായി
വിശ്രമത്തിലാണിവൻ
കാടും മലയും കൊത്തി വിഴുങ്ങാൻ
പോന്ന വിശപ്പുമായി
പറക്കാൻ ചിറകൊരുക്കിയിരുന്നയിരുപ്പി
കടന്നു കയറിയ കാലൻ മടുപ്പിനാൽ
നീണ്ടുപോയൊരിരുത്തത്തിൽ
കാലം കടന്ന് പോയതറിയാതെ
വേരിറങ്ങിപോയതാണ് ,
ഘോര വനങ്ങൾ കൂരിരുളുകൾ
ചോരയൊലിക്കുന്ന മാംസങ്ങൾ
പഴുത്ത് പാകമായ പഴങ്ങൾ നിറഞ്ഞ
തേൻ കുടങ്ങൾ എല്ലാമെല്ലാം
ജടായുവിന്റെ വിശപ്പിന്നിരയായി
ജീവനൊടുക്കി മോക്ഷം ലഭിക്കാൻ
കാത്തിരിക്കുകയാണ് _ അപ്പഴാണീ
ഒടുക്കത്തെ മടുപ്പ് ,ഇതിനിടയിൽ
സിരകളെ കീറിമുറിച്ച്
പാഞ്ഞ് ചെന്ന് തലച്ചോറിനെ
കുലുക്കി വിളിക്കുന്നുണ്ട് ഒരാവേശം ..
അതിലാണീ ജടായുവിന്റെ പ്രതീക്ഷ
കാടും മലകളും ചിറകിൻ കീഴിലാക്കി
പറന്നുയർന്നീയേഴ് സമുദ്രങ്ങളും
കുടിച്ച് തീർക്കാൻ -കാലിയായ വയറുമായി
ഉറങ്ങി വേരിറങ്ങിയ
ജടായുവിനെ ഉണർത്താൻ
ഈ ആവേശത്തിനാകുമോ ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ