
ഇത്തിരിപ്പോന്ന കുഴിമാടത്തില്‍
എന്നെ കുഴിച്ചിട്ട്
വെള്ള പുതപ്പിച്ച്
ചരിച്ചു കിടത്തി
മണ്ണുവാരി മുഖത്തെറിഞ്ഞ്
ചെങ്കല്ല് നാട്ടി
കമ്പൊടിച്ച് കാല്‍ക്കല്‍ കുത്തി
യാത്ര പറഞ്ഞ്
മടങ്ങിപ്പോയവരെ ,
ഒരു പൂജ വിളക്കിലും
തിരിയായി ഞാനിനി
തെളിയില്ല
ഒരു തിരു നെറ്റിയിലും
സിന്ദൂരമായി
ഞാനിനി വിളങ്ങില്ല
ഒരാല്‍ തറയിലും
ഭാണ്ട മിറക്കി
ഞാനിനി ഉറങ്ങില്ല .
ഒരായുസ്സില്‍ എന്റെ
ചങ്കില്‍ തറച്ച
മുള്ളുകള്‍ -
എന്നെ തിന്നു തീര്‍ത്ത പുഴുക്കളുടെ
പുറ്റുകളില്‍ ഞാനൊളിച്ചു വക്കും .
ഒരിക്കലും കരയാതെ
ഞാന്‍ കാത്തു വച്ച
കണ്ണുനീര്‍ കടലില്‍
ആ പുഴുപ്പുറ്റുകള്‍ നിങ്ങളെ തേടി
ഒഴുകി നടക്കും .
അന്ന്
പുനര്‍ജന്മ സമസ്യയുടെ
ചുരുളുകള്‍ നിവര്‍ത്താന്‍
കഴിയാതെ
പൌരോഹിത്യം
മുങ്ങി മരിക്കുന്നത് ഞാന്‍ കാണും .
അപ്പോഴും
തുടിക്കുന്ന എന്റ്റെ ഹൃദയം
ഭൂമിയിലേക്കുള്ള വഴികള്‍
തേടി ക്കൊണ്ടേയിരിക്കും .
കാല്‍ക്കല്‍ കുത്തിയ
കൊമ്പില്‍ പൂത്ത പൂക്കളിലൂടെ
ഞാന്‍ നിങ്ങളെ കണ്ടുകൊണ്ടേയിരിക്കും .
***************************************
ഷിയാസ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ